തെരഞ്ഞെടുപ്പ് 2019: ചാനലുകൾക്ക് ചാകര, ലഭിക്കുന്നത് 300 കോടിയുടെ പരസ്യം

Update: 2019-04-17 08:44 GMT

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പരസ്യത്തിന്റെ 50 ശതമാനത്തിലധികവും പോകുന്നത് ടെലിവിഷൻ ന്യൂസ് ചാനലുകൾക്കെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പരസ്യങ്ങളുടെ ഭാഗമായി ഏകദേശം 500 കോടി രൂപയോളം ടെലിവിഷൻ മാധ്യമങ്ങൾക്ക്  ലഭിക്കുമ്പോൾ ഇതിൽ 300 കൊടിയും ന്യൂസ് ചാനലുകൾക്കാണ് പോകുന്നതെന്ന് ലൈവ്മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

ഡിജിറ്റൽ, ടെലിവിഷൻ, പത്രം തുടങ്ങി എല്ലാ പ്ലാറ്റ് ഫോമുകളിലുമായി, തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് 1000 കോടി രൂപ പാർട്ടികളും സ്ഥാനാർത്ഥികളും ചെലവിടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.     

ഈയിടെ പുറത്തിറക്കിയ ഗ്രൂപ്പ്എമ്മിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത് ലോകകപ്പ് ക്രിക്കറ്റും ലോക്‌സഭാ തെരഞ്ഞെടുപ്പും മൂലം പരസ്യങ്ങൾക്കായി ചെലവിടുന്ന മൊത്തം തുകയിൽ 14 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ്. അതായത്, 80,678 കോടി രൂപ ഏകദേശം പരസ്യ ചെലവ് മാത്രം ഉണ്ടാകും. ഇത് കഴിഞ്ഞ നാല് വർഷങ്ങളിലേതിൽ വെച്ച് ഏറ്റവും വേഗത്തിലുള്ള വളർച്ചയാണ്.               

'ഒരിക്കൽ കൂടി മോദി സർക്കാർ' എന്ന മുദ്രവാക്യമാണ് ബിജെപിയുടെ പരസ്യ കാംപെയ്നിലുള്ളത്. 'ഇനി ന്യായം നടപ്പാകും' എന്നതാണ് കോൺഗ്രസ് മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം.        

പല ഘട്ടങ്ങളിലായാണ് റവന്യൂ എത്തുക. മൂന്നര മാസത്തോളം നീണ്ടു നിൽക്കുന്ന ഇലക്ഷൻ കവറേജിന് ലഭിക്കുന്ന സ്പോൺസർഷിപ്പാണ് ആദ്യത്തേത്. തെരഞ്ഞെടുപ്പ് സംബന്ധമായി തയ്യാറാക്കുന്ന പ്രത്യേക പരിപാടികൾക്ക് ലഭിക്കുന്ന പരസ്യമാണ് മറ്റൊന്ന്. കൂടുതൽ വ്യൂവർഷിപ്പുള്ള ദിവസങ്ങളിലെ പരസ്യ-സ്‌പോൺസർഷിപ് റവന്യൂ ആണ് ഏറ്റവും ഉയർന്നത്. ഇതുകൂടാതെ, വോട്ടെണ്ണൽ ദിനവും ഗവൺമെന്റ് രൂപീകരണത്തിന്റെ ദിവസവും വരുമാനം സംബന്ധിച്ച് ചാനലുകൾക്ക് പ്രധാനപ്പെട്ട സമയമാണ്.   

2019 ജൂണിൽ അവസാനിക്കുന്ന പാദത്തിൽ പ്രമുഖ ചാനലുകളുടെ വരുമാനത്തിൽ ഏകദേശം 50-70 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar News