നോട്ട് നിരോധിച്ച ശേഷം 50 % അധികം കള്ളനോട്ട് പിടിച്ചു; മുന്നില്‍ ഗുജറാത്ത്

Update: 2019-10-23 06:21 GMT

നോട്ടു നിരോധനത്തിന് ശേഷം രാജ്യത്ത് 50 ശതമാനം കൂടുതല്‍ കള്ളനോട്ടുകള്‍ പിടികൂടിയതായുള്ള കണക്കുള്‍ക്കൊള്ളുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് പുറത്ത്. ഗുജറാത്തിലാണ് കൂടുതല്‍ കള്ളനോട്ടുകള്‍ പിടികൂടിയത്.

കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാനാണ് 2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ 1000,500 രൂപയുടെ കറന്‍സികള്‍ നിരോധിച്ചത്. എന്നിട്ടും, 2017 ല്‍ പിടികൂടിയ കള്ളനോട്ടുകളുടെ എണ്ണം 3,55,994 ഉണ്ടായിരുന്നു. 28.1 കോടി രൂപ മൂല്യം വരുന്നത്. 2017ല്‍ പിടികൂടിയ കള്ളനോട്ടുകളില്‍ 14.97 കോടി രൂപയായിരുന്നു 2000 രൂപയുടേത്.
അതേസമയം, 2016ല്‍ 2,81,839 കള്ളനോട്ടുകളായിരുന്നു പിടികൂടിയത്. 15.9 കോടി രൂപയുടേത്. നോട്ടു നിരോധനത്തിന് ശേഷമുണ്ടായത് 26 ശതമാനം വര്‍ധന.

ഗുജറാത്തിലാണ് കൂടുതല്‍ കള്ളനോട്ടുകള്‍ പിടികൂടിയത്. ഒമ്പത് കോടി രൂപയുടേത്. ഡല്‍ഹിയില്‍ 6.7 കോടി രൂപയും ഉത്തര്‍പ്രദേശില്‍ 2.8 കോടി രൂപയും ബംഗാളില്‍ 1.9 കോടി രൂപയുമാണ് പിടികൂടിയത്. കള്ളനോട്ടുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്(181). ബംഗാള്‍(146), മഹാരാഷ്ട്ര(75), ഗുജറാത്ത്(71) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

Similar News