സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ: സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമെന്ന് സുപ്രീം കോടതി

Update: 2019-09-24 09:59 GMT

സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യക്കെതിരെ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവരണമെന്ന് സുപ്രീം കോടതി.ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെല്‍ വേണം.സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതില്‍ സുപ്രീംകോടതിക്കോ ഹൈക്കോടതികള്‍ക്കോ എന്തെങ്കിലും ചെയ്യാനാവില്ല. നയപരമായ തീരുമാനങ്ങളെടുക്കേണ്ടതും നിയമമുണ്ടാക്കേണ്ടതുമൊക്കെ കേന്ദ്രസര്‍ക്കാരാണ്. മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നേരത്തെ, സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തം ഉറപ്പിക്കാനും ഭീകരതയും വ്യാജപ്രചാരണവും തടയാനും ഇത് ഉപകരിക്കുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

ഇതുമായി ബന്ധപ്പെട്ട് നിരവധി പൊതുതാല്പര്യ ഹര്‍ജികളാണ് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ളത്. ഇവയെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ഫേസ്ബുക്ക് ഹര്‍ജി നല്‍കിയിരുന്നു.  സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുണ്ടെങ്കില്‍ എത്രയും വേഗം അറിയിക്കണമെന്ന്  ഈ മാസം 13ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

Similar News