കാഷ്‌ലെസ് സൗകര്യം നിഷേധിക്കുന്നതിനെതിരെ ഐആര്‍ഡിഎ

Update: 2020-07-15 10:53 GMT

കോവിഡ് രോഗികള്‍ക്ക് കാഷ്‌ലെസ് ചികിത്സാ സൗകര്യം നിഷേധിക്കരുതെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആര്‍ ഡി എ). ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ള കോവിഡ് ബാധിതര്‍ക്ക് രാജ്യത്തെ പല സ്വകാര്യ ആശുപത്രികളും കാഷ്‌ലെസ് ചികിത്സാ സൗകര്യം നിഷേധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ഐ ആര്‍ ഡി എ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് പണം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപ്രതികള്‍ രോഗികളില്‍ നിന്ന് പണം ഈടാക്കുന്നത്. ഇതോടെ കോവിഡ് ബാധിതരുടെ അടുത്ത ബന്ധുക്കള്‍ ആശുപത്രി ചെലവിനായി വന്‍തുക സമാഹരിക്കാന്‍ ഓടി നടക്കേണ്ട ഗതികേടിലായിരുന്നു.

കാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളുടെ പൂര്‍ണവിവരം ഇന്‍ഷുറന്‍സ് കമ്പനികള്‍ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഈ ആശുപത്രികളില്‍ പോളിസി ഉടമകള്‍ രോഗ ചികിത്സയ്ക്ക് എത്തിയാല്‍ കോവിഡ് രോഗത്തിന് മുതല്‍ എല്ലാത്തിനും കമ്പനി ഉറപ്പു നല്‍കിയതുപോലെ കാഷ് ലൈസ് ചികിത്സ ലഭ്യമാക്കണമെന്നും ഐ ആര്‍ ഡി എ പറയുന്നു.

കാഷ്‌ലെസ് ചികിത്സ നിഷേധിച്ചാല്‍ പോളിസി ഉടമകള്‍ക്ക് പരാതി നല്‍കാമെന്നും ഐ ആര്‍ ഡി എ പറയുന്നു.

അതിനിടെ, ഇന്‍ഷുറന്‍സ് കമ്പനികള്‍ നാല് വര്‍ഷം മുമ്പത്തെ നിരക്കാണ് ഇപ്പോഴും നല്‍കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ചികിത്സാചെലവുകള്‍ വര്‍ധിച്ചത് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഗൗരവമായെടുക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

സാധാരണ സാഹചര്യങ്ങളില്‍ പോളിസി ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്ന ആശുപത്രികള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ കോവിഡ് പടര്‍ന്നുപിടിച്ചതോടെ ആശുപത്രി കിടക്കകളുടെ എണ്ണവും സൗകര്യവും എല്ലാം നോക്കി മാത്രമേ ആശുപത്രി സൗകര്യം ലഭിക്കൂ. ഐ ആര്‍ ഡി എയുടെ സര്‍ക്കുലര്‍ ഉണ്ടെങ്കില്‍ പോലും പോളിസി ഉടമകളുടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതിക്ഷ നിരീക്ഷകര്‍ക്കില്ല. ഇതില്‍ കൂടുതല്‍ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ വേണ്ടി വരുമെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News