സാമ്പത്തിക മാന്ദ്യത്താലുള്ള പൊള്ളല്‍ തങ്ങള്‍ക്കുമേറ്റതായി ഭൂരിപക്ഷം ഇന്ത്യക്കാരും പറയുമ്പോഴും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ അതിന്റെ പേരിലുള്ള വിമര്‍ശനത്തില്‍ നിന്ന് ഒഴിവാക്കാന്‍ അവര്‍ സന്നദ്ധരാകുന്നതായി ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാര്‍വി ഇന്‍സൈറ്റ് മൂഡ് ഓഫ് നേഷന്‍ സര്‍വേ ഫലം. ഇതു സംബന്ധിച്ച വിലയിരുത്തലില്‍ പങ്കെടുത്തവരില്‍ 56 ശതമാനം ആളുകളും ധനമന്ത്രിയോട് അനുഭാവം പുലര്‍ത്തിയതായി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനു ധനമന്ത്രി കഠിനാദ്ധ്വാനം ചെയ്യുന്നുവെന്ന അഭിപ്രായം മുപ്പത്തിയൊമ്പത് ശതമാനം പേര്‍ക്കുണ്ട്. ധനമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ ആറുമാസമായി തികഞ്ഞ അനിശ്ചിതത്വത്തിലാണവരെങ്കിലും കൂടുതല്‍ സമയം നല്‍കേണ്ടതുണ്ടെന്ന് 16 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.മൂഡ് ഓഫ് നേഷന്‍ ആകെ 12,141 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.
ഇതിനിടെ, 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനവും, 2019 സാമ്പത്തിക വര്‍ഷം 6.8 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നാണ് മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ആഗോളതലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, ഉപഭോഗമേഖലയുടെ തളര്‍ച്ചയുമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആഴത്തില്‍ മുറിവുണ്ടാക്കിയിട്ടുള്ളത്.
എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള പ്രതിസന്ധി ധനമന്ത്രി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് സാമ്പത്തിക ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും, പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കാനും, നിര്‍മ്മലയ്ക്ക് സാധ്യമാകില്ലെന്നും, വലിയ വെല്ലുവിളിയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്നുമുള്ള വിലയിരുത്തല്‍ വ്യാപകമാണ്. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ വലിയ വെല്ലുവിളി നിലനില്‍ക്കുന്നു.
ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം പല പ്രഖ്യാപനങ്ങും നടത്തുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുന്നതായി ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നു. മാന്ദ്യം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തി. 2020 ലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രേവേശിക്കുന്നത് കൂടുതല്‍ ആശങ്കയോടെയാണ്. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിലേത്.
രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഇപ്പോഴും വലിയ തളര്‍ച്ചയിലൂടെ കടന്നുപോകുന്നു. പൊതു ചെലവിടല്‍ കൂട്ടാനുള്ള പദ്ധതികള്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടത്. കയറ്റുമതി ഇറക്കുമതി വ്യാപാര മേഖലയും, കാര്‍ഷിക നിര്‍മ്മാണ മേഖലയും എല്ലാം തളര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുന്ന ഓട്ടോമൊബീല്‍, ധനകാര്യം, റിയല്‍ എസ്റ്റേറ്റ് മേഖലയുമെല്ലാം തളര്‍ച്ചയിലാണ്. ഘട്ടം ഘട്ടമായി ഈ മേഖലയെ കരകയറ്റിയില്ലെങ്കില്‍ രാജ്യം ഇനി അഭിമുഖീകരിക്കേണ്ടി വരിക ഏറ്റവും വലിയ വെല്ലുവളിയാകുമെന്നുറപ്പ്.
ഇന്ത്യയില്‍ രൂപപ്പെട്ട മാന്ദ്യം ആഗോള തലത്തിലെ കാരണങ്ങള്‍ മുഖേനയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കിയ ചില നയങ്ങളാണ് സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുള്ളതെന്ന വിമര്‍ശനവും ശക്തം. എല്ലാ കണ്ണുകളും ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന കേന്ദ്ര ബജറ്റിലാണ്. വിപണിയിലെ ഡിമാന്‍ഡ് പുനരുജ്ജീവിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ പ്രഖ്യാപിക്കാന്‍ നിര്‍മ്മല സീതാരാമന് കഴിയുമെന്നതാണ് ഏറ്റവും നിര്‍ണ്ണായകമായ ചോദ്യം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline