തൊഴിലില്ലായ്മ 10 വര്‍ഷത്തിനകം നീങ്ങാന്‍ 10% സാമ്പത്തിക വളര്‍ച്ച ആവശ്യം : സുബ്രഹ്മണ്യന്‍ സ്വാമി

Update: 2019-09-26 05:53 GMT

സമ്പദ്വ്യവസ്ഥയില്‍ പ്രതിവര്‍ഷം 10% വളര്‍ച്ച സാധ്യമായാല്‍ 10 വര്‍ഷത്തിനകം രാജ്യത്തെ തൊഴിലില്ലായ്മ നീക്കം ചെയ്യാനാകുമെന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി എം പി. രാജ്യത്തിന് ഈ നിരക്കിലുള്ള വളര്‍ച്ച കൈവരിക്കാവുന്നതേയുള്ളൂവെന്ന് 'ഇന്ത്യയുടെ സാമ്പത്തിക പൈതൃകം പുനഃക്രമീകരണത്തിലൂടെ വീണ്ടെടുക്കാം' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ ഡോ. സ്വാമി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളഞ്ഞിരിക്കുന്നത് കാര്യവിവരമില്ലാത്തവരോ യാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹത്താട് പറയാന്‍ ധൈര്യമില്ലാത്തവരോ ആണെന്നും ഡോ. സ്വാമി പറഞ്ഞു.

'നമുക്ക് 10% വളര്‍ച്ച സാധ്യമാക്കുന്നതിനുള്ള കഴിവുണ്ട്. വളരെ ഉയര്‍ന്ന സമ്പാദ്യ നിരക്കാണിവിടത്തേത്. പക്ഷേ അത് കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല.' മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ ഭരണകാലത്ത് നടപ്പാക്കിയ നയങ്ങള്‍ മൂലം തൊഴിലില്ലായ്മ ഏറ്റവും വര്‍ധിച്ചെന്ന് ഡോ. സ്വാമി കുറ്റപ്പെടുത്തി.
രഘുറാം രാജന്‍ ഉയര്‍ന്ന യോഗ്യതയുള്ളവനാണെന്ന് എല്ലാവരും കരുതിയെങ്കിലും അദ്ദേഹം ഒരു സാമ്പത്തിക ശാസ്ത്രജ്ഞനല്ലെന്ന് ഡോ. സ്വാമി പറഞ്ഞു.
സാമ്പത്തിക ശാസ്ത്രത്തില്‍ മാക്രോ ഇക്കണോമിക്‌സിന്റെ പ്രാധാന്യം മനസിലാക്കേണ്ടതുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ മതിയാകുമെന്ന അഭിപ്രായക്കാരനാണ് രഘുറാം രാജന്‍. 'എന്നാല്‍ ഇത് മൂലധനച്ചെലവ് വര്‍ദ്ധിപ്പിച്ചു. അതിനാല്‍ പല കമ്പനികളും തകര്‍ന്നു' ഡോ. സ്വാമി കൂട്ടിച്ചേര്‍ത്തു.  ഇപ്പോഴത്തെ ഉയര്‍ന്ന തൊഴിലില്ലായ്മയുടെ പിന്നിലെ കാരണം അതാണ്.

Similar News