ക്രൂഡോയില്‍ വില കുതിച്ചുയരുന്നു

Update: 2020-01-03 08:24 GMT

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ നാല് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ ചാര തലവന്‍ കൊല്ലപ്പെട്ടതോടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്.ലോകരാഷ്ട്രങ്ങള്‍ യുദ്ധ സാധ്യത വിലയിരുത്തുന്നതിനിടെയാണ് എണ്ണ വില കൂടുന്നത്.ഇരു വിപണിയിലും വില മൂന്ന് ശതമാനം ഉയര്‍ന്നു. ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വരുമിത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രാന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 69.16 ഡോളറിലേക്ക് നീങ്ങി. അമേരിക്കന്‍ വിപണിയില്‍ 62.94 ഡോളര്‍ എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. സംസ്ഥാനത്ത് പെട്രോളിന് 7 പൈസയും ഡീസലിന് 13 പൈസയും വില ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ വില 77.38 ആയി , ഡീസലിന് 71.97 ഉം.

അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കമാന്‍ഡര്‍ കാസിം സുലൈമാനി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതിനെ ഇറാന്‍ ശക്തമായി അപലപിച്ചു. അമേരിക്കന്‍ നടപടി ഭീകര പ്രവര്‍ത്തനത്തിന് തുല്ല്യമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് പറഞ്ഞു. ഐഎസ്, അല്‍ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഖുദ് സേനാ തലവനെയാണ് അമേരിക്ക വധിച്ചതെന്നും ഇറാന്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കും ട്രംപ് ഭരണകൂടമായിരിക്കും ഉത്തരവാദികളെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News