'പാവപ്പെട്ടവർക്ക് 72,000 രൂപ നൽകാൻ അതിസമ്പന്നർക്ക് അധിക നികുതി'

Update: 2019-03-27 06:05 GMT

പ്രതിവര്‍ഷം 72,000 രൂപ വാഗ്ദാനം ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ 'ന്യൂനതം ആയ് യോജന (ന്യായ്) ക്ക് ഫണ്ട് കണ്ടെത്താൻ അതിസമ്പന്നര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയാൽ മതിയാവുമെന്ന് റിപ്പോർട്ട്.

പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇനിക്വാലിറ്റി ലാബാണ് പുതിയ നിർദേശവുമായി രംഗത്ത് വന്നിരിക്കുന്നത്. രാജ്യത്തിൻറെ സാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടാതെ ഈ പദ്ധതി എങ്ങനെ നടപ്പാക്കാനാവുമെന്നുള്ള തർക്കങ്ങൾക്കിടെയാണ് റിപ്പോർട്ട് പുറത്തിറങ്ങിയിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ പദ്ധതിയനുസരിച്ച് പ്രതിവര്‍ഷം 72,000 കോടി രാജ്യത്തെ 20 ശതമാനം വരുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കണമെങ്കില്‍ പ്രതിവര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 1.3 ശതമാനം ചെലവഴിക്കേണ്ടതായി വരും. അതായത് 2.9 ലക്ഷം കോടി രൂപ.

ഇത്രയും തുക കണ്ടെത്താന്‍ സമ്പന്നര്‍ക്ക് 'പ്രോഗ്രസ്സീവ്' നികുതി ഏര്‍പ്പെടുത്തുകയാണ് ഒരു പ്രവർത്തികമായ വഴി. 2.5 കോടിയിലധികം ആസ്തിയുള്ള കുടുംബങ്ങൾക്ക് അവരുടെ ആസ്തിയുടെ രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ ഏകദേശം 2.3 ലക്ഷം കോടി രൂപ സര്‍ക്കാരിന് ലഭിക്കും. രാജ്യത്തെ ജനസംഖ്യയില്‍ 0.1 ശതമാനം പേർ മാത്രമാണ് 2.5 കോടിയിലധികം ആസ്തിയുള്ളവർ.

2.3 ലക്ഷം കോടി എന്നാൽ ജിഡിപിയുടെ 1.1 ശതമാനം വരുമെന്നും വേള്‍ഡ് ഇനിക്വാലിറ്റി ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസുമായി അദ്ദേഹം പങ്കുവെച്ചിട്ടുണ്ടെന്ന് സ്ഥാപനം അറിയിച്ചു.

Similar News