ആര്‍.ബി.ഐയുടെ പണ നയ അവലോകനം ഇന്നു മുതല്‍; നിരക്കു കുറയ്ക്കാന്‍ സാധ്യത

Update: 2019-12-03 02:53 GMT

റിസര്‍വ് ബാങ്കിന്റെ നിര്‍ണായക ധന നയ അവലോകന യോഗത്തിന് ഇന്ന് തുടക്കം. ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവുണ്ടായതിനാല്‍ പലിശ നിരക്കുകളില്‍  ആര്‍ബിഐ 25 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധരും റേറ്റിംഗ് ഏജന്‍സികളും കണക്കാക്കുന്നു.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗം അഞ്ചിന് അവസാനിക്കും. അഞ്ചിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. റിപ്പോ നിരക്കുകള്‍ കുറച്ച് വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം ഘട്ടം ഘട്ടമായി നിരക്ക് 135 ബേസിസ് പോയിന്റ് കുറച്ചു കൊണ്ട് റിപ്പോ നിരക്ക് 5.15 ശതമാനത്തിലേക്ക് എത്തിച്ചിട്ടുണ്ട്.

അടുത്ത ഫെബ്രുവരിയില്‍ മറ്റൊരു 15 പോയിന്റിന്റെ കുറവും സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. രാജ്യത്ത് മിക്ക ഉപഭോഗ വസ്തുക്കള്‍ക്കും വന്‍ വിലക്കയറ്റം ഉണ്ടാകുന്ന സാഹചര്യത്തില്‍ വിപണിയില്‍ പണ ലഭ്യത ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തുന്നത്.

ഡിസംബറിലെ പണനയ അവലോകന യോഗം കഴിയുന്നതോടെ റിപ്പോ നിരക്ക് 4.90 ശതമാനത്തിലേക്കും ഫെബ്രുവരിയോടെ നിരക്ക് 4.75 ശതമാനത്തിലേക്കും താഴ്‌ന്നേക്കുമെന്നാണ് കണക്കാക്കുന്നത്. റിസര്‍വ് ബാങ്ക്  ഡിസംബറില്‍ ആറാം തവണയും പലിശനിരക്ക് കുറയ്ക്കുമെന്ന് റോയിട്ടേഴ്‌സ് സര്‍വേ അഭിപ്രായപ്പെട്ടിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News