മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറിനു മുന്നോടിയായുള്ള ചര്‍ച്ചകളില്‍ ഏതാനും ചരക്കുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യങ്ങള്‍ ചൈനയെ ബോധ്യപ്പെടുത്താന്‍ ജപ്പാന്‍ കാര്യക്ഷമമായ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ആര്‍സിഇപി രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യകാര്യ മന്ത്രിമാര്‍ നവംബര്‍ 2-3 ന് ബാങ്കോക്കില്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇക്കാര്യത്തില്‍ അനുകൂല ഫലമുണ്ടാകുമെന്ന പ്രതീക്ഷയാണ് ജപ്പാനുള്ളത്.
ആഗോളതലത്തില്‍ രൂപപ്പെടുന്ന ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര ഇടപാടുകളില്‍ ഒന്നാണിത്.ജിഡിപിയുടെ മൂന്നിലൊന്ന് ഉള്‍പ്പെടുന്ന, ലോക ജനസംഖ്യയുടെ പകുതിയോളം പേര്‍ക്കു ബാധകമാകും ഈ കരാര്‍. 10 അംഗങ്ങളുള്ള ആസിയാന്‍, ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങളാണ് ആര്‍സിഇപി കരാര്‍ ചര്‍ച്ച ചെയ്യുന്നത്.
ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണമെന്നതാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. അത് അംഗീകരിച്ചാലും ചൈനീസ് ഉല്‍പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലൂടെ ഇന്ത്യയിലെത്താമെന്ന ആശങ്കയുണ്ട്. ഇറക്കുമതി ക്രമാതീതമാകുമ്പോള്‍ തീരുവ വര്‍ധിപ്പിക്കുന്ന ഓട്ടോ ട്രിഗര്‍ സംവിധാനം ഇന്ത്യ നിര്‍ദേശിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കുമോയെന്നതില്‍ അവ്യക്തത തുടരുകയാണ്. ഒപ്പുവയ്ക്കില്ലെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോള്‍, ഇപ്പോഴും രാഷ്ട്രീയതലത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
കാര്‍ഷിക, ഉല്‍പാദന മേഖലകളുമായി ബന്ധപ്പെട്ടതിനു പുറമേ, ഡാറ്റ സുരക്ഷ, തര്‍ക്കപരിഹാരം തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യ തര്‍ക്കം ഉന്നയിച്ചിരുന്നു. ഡാറ്റ സംരക്ഷണത്തിന്റെ കാര്യത്തില്‍, അതതു രാജ്യങ്ങളിലെ നിയമപ്രകാരം നടപടികളാവാമെന്ന് ധാരണയായിട്ടുണ്ട്. തര്‍ക്ക പരിഹാര സംവിധാനം എല്ലാ അംഗരാജ്യങ്ങളും തമ്മില്‍ അഭിപ്രായ ഐക്യമുണ്ടെങ്കില്‍ മാത്രം കരാറില്‍ ഉള്‍പ്പെടുത്താമെന്നാണ് ധാരണ. മറ്റു വിഷയങ്ങളില്‍ തര്‍ക്കം തുടരുകയാണ്. എത്ര ഉല്‍പന്നങ്ങള്‍ക്ക് ഉടന്‍ തീരുവ ഇളവ് അനുവദിക്കാമെന്ന് കൃത്യമായി വ്യക്തമാക്കാന്‍ മറ്റു രാജ്യങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline