ആര്‍.സി.ഇ.പി കരാര്‍ അനിശ്ചിതത്വത്തില്‍

Update:2019-11-04 20:00 IST

നിര്‍ദ്ദിഷ്ട റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍സിഇപി) കരാര്‍ ഒപ്പുവയ്ക്കുന്നതിനു വഴിയൊരുക്കാന്‍ ബാങ്കോക്കില്‍ നടക്കുന്ന ചര്‍ച്ചയില്‍ ചൈനീസ് ആധിപത്യം ചെറുക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഗ്രൂപ്പുകള്‍. കരാര്‍ നീക്കത്തെ അനിശ്ചിതത്വത്തിലാക്കുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അടുത്തിടെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ ബിന്‍ മുഹമ്മദ് ആണ് ചൈനയ്ക്കു വേണ്ടി ഏറ്റവും വലിയ അനുകൂല ശബ്ദം പുറപ്പെടുവിച്ചത്. ആര്‍സിഇപി കരാര്‍ യാഥാര്‍ത്ഥ്യമാകാതിരിക്കാന്‍ അമേരിക്ക കളിക്കുകയാണെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു.ചൈനയുടെ ആശീര്‍വാദത്തോടെയുള്ള ആര്‍സിഇപി കരാറില്‍ 16 രാജ്യങ്ങളുടെ പങ്കാളിത്തമാണുണ്ടാകേണ്ടത്. ചൈനയുടെ വ്യാപാരമേധാവിത്വമാണ് ഇന്ത്യയുടെ ആശങ്ക. കരാര്‍ യാഥാര്‍ഥ്യമായാല്‍ അതില്‍ ലോകജനസംഖ്യയുടെ പാതിയും ലോകത്തിലെ മൂന്നിലൊന്ന് ആഭ്യന്തര ഉല്‍പാദനവും ഉള്‍പ്പെടും. കരാറില്‍ യുഎസ് പങ്കാളിയല്ല.യുഎസ്, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണു പ്രവര്‍ത്തനം.

ചൈനയില്‍നിന്നുള്ള ഇറക്കുമതി പ്രളയം തടയാനും ആഭ്യന്തര ഉല്‍പന്ന മേഖല സംരക്ഷിക്കാനും ലക്ഷ്യമിട്ട് ഇന്ത്യ മുന്നോട്ടു വച്ചിട്ടുള്ള പുതിയ ആവശ്യങ്ങള്‍ ആര്‍സിഇപി കരാറിന്റെ വഴിയടയ്ക്കാതിരിക്കാന്‍ നേതാക്കള്‍ കഠിനശ്രമം നടത്തിവരുകയാണ്. ഇന്നു താല്‍ക്കാലിക കരാറെങ്കിലും ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണു പല രാജ്യങ്ങളും.

2020 ഫെബ്രുവരിയോടെ ചര്‍ച്ച പൂര്‍ത്തിയാക്കി വിയറ്റ്‌നാം ഉച്ചകോടിയില്‍ കരാര്‍ പാസാക്കാമെന്നു സൂചനയുണ്ട്. ഇന്ത്യയില്ലാതെ മുന്നോട്ടുപോകാമെന്നു ചില രാജ്യങ്ങള്‍ നിര്‍ദേശിച്ചെങ്കിലും ഇന്ത്യ പിന്മാറിയിട്ടില്ലെന്നു തായ്ലന്‍ഡ് വാണിജ്യമന്ത്രി ജുറിന്‍ ലക്‌സനാവിസിത് വിശദീകരിച്ചു.

ഇന്ത്യ കൂടി ഉണ്ടായാല്‍ ചൈനയുടെ മേല്‍ക്കോയ്മ ഒഴിവാകുമെന്ന താല്‍പര്യമാണ് മിക്ക ആസിയാന്‍ രാജ്യങ്ങള്‍ക്കുമുള്ളത്. യുഎസിന്റെ താല്‍പര്യക്കുറവും പ്രശ്‌നമാണ്. ഇതിനിടെ, വര്‍ഷങ്ങളായി ആസിയാനുമായി തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാക്കടലില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ 'പെരുമാറ്റച്ചട്ട' സന്നദ്ധത ചൈനീസ് പ്രധാനമന്ത്രി ലി ചെകിയാങ് പ്രകടിപ്പിച്ചു.

ഇതിനിടെ നടക്കുന്ന ആസിയാന്‍ സമ്മേളനത്തില്‍ ആര്‍സിഇപി കരാര്‍ പരാമര്‍ശിക്കുക പോലും ചെയ്യാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. നിലവിലുള്ള കരാറുകള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ആവശ്യത്തിലേക്കു പ്രധാനമന്ത്രിയുടെ പ്രസംഗം ഒതുങ്ങി. ആസിയാന്‍ രാജ്യങ്ങളുമായി കര,നാവിക, വ്യോമ ഗതാഗതം അടക്കം വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം സമര്‍പ്പിച്ചു. സമുദ്രസുരക്ഷ, മത്സ്യബന്ധനം, കൃഷി, എന്‍ജിനീയറിങ്, ഡിജിറ്റല്‍ വിദ്യ, ശാസ്ത്രഗവേഷണം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ സാധ്യത നിലനില്‍ക്കുന്നതായും ചൂണ്ടിക്കാട്ടി.

ആസിയാന്‍ ഇന്ത്യ, ഈസ്റ്റ് ഇന്ത്യ, ആര്‍സിഇപി സമ്മേളനങ്ങളില്‍ പങ്കെടുക്കാനാണ് 3 ദിവസ പരിപാടികളുമായി പ്രധാനമന്ത്രി ബാങ്കോക്കിലെത്തിയത്. ദക്ഷിണപൂര്‍വേഷ്യയിലെ ഏറ്റവും ശക്തമായ സാമ്പത്തിക സഹകരണ കൂട്ടായ്മയായ ആസിയാനില്‍ ഇന്തൊനീഷ്യ, മലേഷ്യ, ഫിലിപ്പിന്‍സ്, സിംഗപ്പുര്‍, തായ്ലന്‍ഡ്, ബ്രൂണയ്, വിയറ്റ്‌നാം, ലാവോസ്, മ്യാന്‍മര്‍ , കംബോഡിയ എന്നിവയാണുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News