ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 2

Update: 2019-02-02 04:55 GMT

1. പാപ്പര്‍ അപേക്ഷ നല്‍കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്

പണമില്ലെന്ന് കാണിച്ച് പാപ്പര്‍ അപേക്ഷ നല്‍കാനൊരുങ്ങി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടിവന്നതിനെ തുടര്‍ന്നാണ് ഈ നടപടി. ടെലികോം രംഗത്തുനിന്ന് പൂര്‍ണ്ണമായി മാറി റിയല്‍ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തീരുമാനിച്ചിരുന്നെങ്കിലും ലാഭം നേടാനായില്ല. 

2. കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ കേരളത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയെ അതിജീവിക്കാനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും കേരളത്തിന് പ്രത്യേക പായ്‌ക്കേജ് ലഭ്യമാക്കിയില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ബജറ്റില്‍ നിര്‍ദ്ദേശമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

3. ചന്ദ കൊച്ചാറിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു

സിബിഐയില്‍ എഫ്.ഐ.ആര്‍ തയാറാക്കിയതിനെ തുടര്‍ന്ന് ഐസിഐസിഐ ബാങ്കിന്റെ മുന്‍ എം.ഡിയും സി.ഇ.ഒയുമായ ചന്ദ കൊച്ചാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. വീഡിയോകോണിന് വായ്പ കൊടുത്തതുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാറിനെതിരെയും അവരുടെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് എം.ഡി വേണുഗോപാല്‍ ദൂത് എന്നിവര്‍ക്കെതിരെയും നേരത്തെ തന്നെ സി.ബി.ഐ കേസെടുത്തിട്ടുണ്ട്. ഇടപാടില്‍ ചന്ദ കൊച്ചാര്‍ വ്യക്തിഗതനേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ഏജന്‍സി പ്രധാനമായി പരിശോധിക്കും. 

4. ഇ-കൊമേഴ്‌സ് ചട്ടത്തില്‍ മാറ്റം, ആമസോണിന് കടുത്ത തിരിച്ചടി

ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതോടെ ആമസോണില്‍ നിന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ അപ്രത്യക്ഷമായി. ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട എഫ്.ഡി.ഐ നയങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ് ആമസോണിന് തിരിച്ചടിയായത്. ബാറ്ററികള്‍, യുഎസ്ബി ചാര്‍ജിംഗ് കേബിളുകള്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ ഇന്ത്യയില്‍ പിന്‍വലിച്ചു. 

5. കര്‍ഷകര്‍ക്ക് പണം, കേരളത്തില്‍ 25 ലക്ഷത്തിലധികം പേര്‍ക്ക്

സാധ്യതകേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാനി നിധിയുടെ പ്രയോജനം കേരളത്തിലെ 25 ലക്ഷത്തോളം കര്‍ഷകര്‍ക്ക് ലഭിച്ചേക്കും. 100 രൂപ വര്‍ധനയോട് കൂടിയ കര്‍ഷക പെന്‍ഷന്‍, വര്‍ഷം 6000 രൂപയുടെ സഹായം എന്നിവയാണ് ലഭിക്കുന്നത്. 

Similar News