ആര്‍.സി.ഇ.പി കരാര്‍ പുതിയ കുരുക്കാകുമോ? കാര്‍ഷിക മേഖല ആശങ്കയില്‍

Update:2019-10-10 11:36 IST

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍.സി.ഇ.പി) കരാറുമായി

ബന്ധപ്പെട്ട് ബാങ്കോക്കില്‍ ഇന്നാരംഭിക്കുന്ന ചര്‍ച്ചകള്‍ ഇന്ത്യയെ

സംബന്ധിച്ചിടത്തോളം നിര്‍ണായകമെന്ന് സാമ്പത്തിക വിദഗ്ധര്‍. ഇന്ത്യ

ആര്‍.സി.ഇ.പി കരാറിന്റെ  ഭാഗമാകുന്നത് രാജ്യത്തെ കര്‍ഷകരെ ഗുരുതരമായി

ബാധിക്കുമെന്ന ആശങ്ക വ്യാപകമാണ്.ആര്‍.സി.ഇ.പി ചര്‍ച്ചകളുടെ വിശദാംശങ്ങള്‍

ഇനിയും പരസ്യമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കു

ഗുണകരമല്ല കാര്യങ്ങളെന്ന സൂചനകളാണുള്ളത്. ആഭ്യന്തര വ്യവസായ ഉല്‍പാദന

മേഖലകളില്‍നിന്നും കരാറിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്്.

മലേഷ്യ,

തായ്ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങി 10 ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ

കൂട്ടായ്മയായ ആസിയാനും ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ,

ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക പങ്കാളിത്തക്കരാര്‍

യാഥാര്‍ഥ്യമായാല്‍ ഇറക്കുമതിത്തീരുവയിലടക്കം വമ്പിച്ച മാറ്റങ്ങളുണ്ടാകും.

ലോക ജനസംഖ്യയുടെ 45%, ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 25%, ആഗോള

വ്യാപാരത്തിന്റെ 30%, നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ 26%  ഇത്രയും

ആര്‍.സി.ഇ.പിയുടെ പരിധിയില്‍ വരുമെന്നതിനാല്‍ അതിവിപുലമാണ് നിര്‍ദ്ദിഷ്ട

കരാര്‍.

ആര്‍.സി.ഇ.പി അംഗരാജ്യങ്ങളിലെ 17

മന്ത്രിമാരാണ് മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്കായി ബാങ്കോക്കില്‍

എത്തിയിട്ടുള്ളത്. കരാര്‍ സംബന്ധിച്ച പ്രഖ്യാപനം അടുത്ത മാസം ഉണ്ടാകണമെന്ന

ലക്ഷ്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. പതിനാറു രാജ്യങ്ങള്‍ പങ്കാളികളായുള്ള,

ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറാണ് തയ്യാറായിട്ടുള്ളത്.

ബൗദ്ധിക സ്വത്തവകാശം, വിദേശ നിക്ഷേപം, തീരുവരഹിത ഇറക്കുമതി എന്നിവ

കരാറിന്റെ മുഖ്യ ഘടകങ്ങളാണ്. തീരുവരഹിത ഇറക്കുമതി സംബന്ധിച്ച ഉപാധികളാണ്

ഇന്ത്യന്‍ കാര്‍ഷിക മേഖലയെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നത്.

വ്യാപാരസാധ്യതകള്‍ക്ക്

കരാര്‍ ഊന്നല്‍ നല്‍കുമ്പോള്‍, കാര്‍ഷിക ഉപജീവനമാര്‍ഗങ്ങളുടെ തകര്‍ച്ച

സംഭവിക്കുമെന്ന ഭീതി തീവ്രമാണ്. ചൈനീസ് ഉല്‍പന്നങ്ങളുടെ കുത്തൊഴുക്കിനുള്ള

സാധ്യത മുന്‍കൂട്ടി കാണേണ്ടതുണ്ടെന്നു വിദഗ്ധര്‍ പറയുന്നു.രാജ്യാന്തര

വാണിജ്യ കരാറുകളില്‍നിന്ന് കര്‍ഷകസമൂഹത്തിന് ഇതിനകമുണ്ടായ ദുരനുഭവങ്ങള്‍

ആര്‍.സി.ഇ.പി കരാറിലൂടെ ആവര്‍ത്തിക്കാനിടയാകരുതെന്ന വാദം ശക്തമാണ്.  കൃഷി

ഉള്‍പ്പെടെയുള്ള ഉല്‍പാദന, വ്യവസായ മേഖലകള്‍ക്കു കരാര്‍ മൂലമുണ്ടാകുന്ന

ആഘാതം വലിയ തോതില്‍ തൊഴില്‍ നഷ്ടത്തിനും വഴിവയ്ക്കുമെന്നു

ചൂണ്ടിക്കാണിക്കപ്പെടുന്നു.

ക്ഷീരോല്‍പ്പന്ന 

വിപണിയില്‍ ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും മേല്‍ക്കൈ നേടാനുള്ള സാധ്യത

ഏവരും ചൂണ്ടിക്കാട്ടുമ്പോള്‍ അമുല്‍ മുതല്‍ മില്‍മ വരെ ഈ  മേഖലയിലെ ചെറുതും

വലുതുമായ ഏജന്‍സികള്‍ കടുത്ത പരിഭ്രാന്തിയിലാണ്. റബര്‍, സുഗന്ധവിളകള്‍

തുടങ്ങിയ മേഖലകളിലുള്ള കര്‍ഷകരുടെ ആധി കൂടുതലുള്ളത് കേരളത്തില്‍ തന്നെ.

പ്രളയവും മറ്റും കൃഷിമേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ്

ആര്‍സിഇപി കരാര്‍ ഉയര്‍ത്തുന്ന ആശങ്കകളുടെ കുത്തൊഴുക്ക്.

ഇന്ന്

രാജ്യത്തെ മൊത്തം കാര്‍ഷിക ഉല്‍പാദനത്തിന്റെ 25 % ക്ഷീര വ്യവസായ മേഖലയില്‍

നിന്നുള്ളതാണെന്ന് എന്‍ഡിഡിബി നാഷണല്‍ ഡെയറി ഡെവലപ്‌മെന്റ് ബോര്‍ഡ്

ചെയര്‍മാന്‍ ചെയര്‍മാന്‍ ദിലീപ് റാത്ത് പറഞ്ഞു. 2016-17 ലെ പാല്‍

ഉല്‍പാദനത്തിന്റെ മൂല്യം 6,144 ബില്യണ്‍ രൂപയായിരുന്നു, ഇത് നെല്ലിന്റെയും

ഗോതമ്പിന്റെയും കരിമ്പിന്റെയും സംയോജിത മൂല്യത്തേക്കാള്‍ കൂടുതലാണ്.

ഭൂരഹിതരും

നാമമാത്ര ഭൂവുടമകളുമായ കര്‍ഷകര്‍ മൊത്തം കുടുംബ വരുമാനത്തിന്റെ 25 % ക്ഷീര

കൃഷിയില്‍ നിന്ന് സമ്പാദിക്കുന്നു. ഇത്തരം 63 ദശലക്ഷം കുടുംബങ്ങളാണ് ക്ഷീര

വ്യവസായവുമായി ബന്ധപ്പെട്ടുള്ളത്. താരിഫ് കുറയ്ക്കുന്നതിനുള്ള ഏത്

തീരുമാനവും ഓഷ്യാനിയ മേഖലയില്‍ നിന്ന് വിലകുറഞ്ഞ പാല്‍പ്പൊടി ഇറക്കുമതി

ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുമെന്നും ഈ മേഖല താറുമാറാകാന്‍

അതിടയാക്കുമെന്നും റാത്ത് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ക്ഷീര കര്‍ഷകരുടെ

ഉപജീവനമാര്‍ഗം അപകടത്തിലാക്കുന്നതോടൊപ്പം രാജ്യത്തിന്റെ പോഷക സുരക്ഷയെയും

ഇതു ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

കരാറിനെതിരെ

രാജ്യത്തെ കര്‍ഷകസംഘടനകളുടെ  പ്രതിഷേധം ശക്തമായിക്കഴിഞ്ഞു. ഇപ്പോഴേ

തകര്‍ന്ന കൃഷിമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നതിനാല്‍ ആര്‍.സി.ഇ.പി

കരാറില്‍ ഒപ്പുവയ്ക്കാനുള്ള നീക്കത്തില്‍നിന്നു സര്‍ക്കാര്‍

പിന്മാറണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ കരാറിനെ എതിര്‍ക്കണമെന്നുമാണു

സംഘടനകളുടെ ആവശ്യം. കരാര്‍ സംബന്ധിച്ച് ബി.ജെ.പിയില്‍പോലും അഭിപ്രായഭിന്നത

പ്രകടമാണ്. ചര്‍ച്ചകള്‍ക്കായി ബാങ്കോക്കിലേക്ക് യാത്ര തിരിക്കും മുമ്പേ

വാണിജ്യമന്ത്രി പീയൂഷ് ഗോയലുമായി കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇതു

സംബന്ധിച്ച ആശങ്കകള്‍ പങ്കുവച്ചു.

Similar News