മോദിയുമായി സംസാരിച്ചെന്ന ട്രംപിന്റെ പ്രസ്താവന തള്ളി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്

Update: 2020-05-29 06:48 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംസാരത്തിനിടെ ഇന്ത്യ, ചൈന അതിര്‍ത്തി തര്‍ക്ക വിഷയം താന്‍ പരാമര്‍ശിച്ചപ്പോള്‍ 'അദ്ദേഹം നല്ല മൂഡിലായിരുന്നില്ല' എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതേസമയം, 'പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി അടുത്ത കാലത്ത് സംസാരിച്ചിട്ടില്ല' എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തൊട്ടു പിന്നാലെ വെളിപ്പെടുത്തി.

തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥനാകാമെന്ന് ട്രംപ് ആവര്‍ത്തിച്ചതിനെയും വിദേശകാര്യ മന്ത്രാലയം വീണ്ടും പരോക്ഷമായി തള്ളിക്കളഞ്ഞു. ഇന്ത്യയും ചൈനയും തമ്മില്‍ 'വലിയ ഭിന്നത' നിലവിലുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞിരുന്നു. ഇക്കാര്യത്തിലും വിദേശകാര്യമന്ത്രാലയം വിയോജിപ്പു രേഖപ്പെടുത്തി. മോദിയും ട്രംപുമായി അടുത്ത കാലത്ത് സംസാരിച്ചിട്ടില്ല. 2020  ഏപ്രില്‍ നാലിനാണ് ഏറ്റവുമൊടുവില്‍ ഇരുവരും സംസാരിച്ചത്. മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിനുമായി ബന്ധപ്പെട്ടായിരുന്നു സംസാരം. ഇന്ത്യ ചൈനയുമായി നയതന്ത്ര തലത്തിലൂടെ ചര്‍ച്ച നടത്തുന്നുണ്ട് - വിദേശമന്ത്രാലയവൃത്തങ്ങളുടെ പ്രതികരണം ഇങ്ങനെ.

ഇന്ത്യക്കാര്‍ക്ക് എന്നെ ഇഷ്ടമാണ്. ഈ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളതിനേക്കാള്‍ സ്‌നേഹം ഇന്ത്യക്കാര്‍ക്ക് എന്നോടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ, എനിക്ക് നരേന്ദ്ര മോദിയെ വലിയ ഇഷ്ടമാണ്. പ്രധാനമന്ത്രിയോട് എനിക്ക് വലിയ സ്‌നേഹമുണ്ട്. അദ്ദേഹം മഹാനായ മനുഷ്യനാണ് - ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.'ഇന്ത്യയും ചൈനയും തമ്മില്‍... വലിയൊരു ഭിന്നതയുണ്ട്. രണ്ട് രാജ്യങ്ങളിലും 1.4 ബില്യണ്‍ ജനസംഖ്യ വീതമുണ്ട്. രണ്ട് രാജ്യങ്ങള്‍ക്കും ശക്തമായ സൈന്യവുമുണ്ട്. ഇന്ത്യയ്ക്ക് അതൃപ്തികളുണ്ട്. ചൈനയ്ക്കും അതൃപ്തിയുണ്ടെന്നാണ് തോന്നുന്നത്'-ഇന്ത്യയും ചൈനയും തമ്മില്‍ ഉള്ള തര്‍ക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ മറുപടി ഇപ്രകാരമായിരുന്നു.

'ഒരു കാര്യം ഞാന്‍ പറയാം. പ്രധാനമന്ത്രി നരേ ന്ദ്രമോദിയുമായി ഞാന്‍ സംസാരിച്ചു. അദ്ദേഹം നല്ല മൂഡിലായിരുന്നില്ല. ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യേകിച്ച് ' ട്രംപ് പറഞ്ഞു. നേരത്തേയും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി ഭിന്നതയില്‍ ട്രംപ് മധ്യസ്ഥാനാകാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പരോക്ഷമായി തള്ളിക്കളഞ്ഞ ഇന്ത്യ, അതിര്‍ത്തിത്തര്‍ക്കം സമാധാനപരമായിത്തന്നെ പരിഹരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

'ചൈനയുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുകയാണ്. ഇരുഭാഗവും സൈനിക, നയതന്ത്രതലത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. ചര്‍ച്ചകളിലൂടെ ഏത് പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും, ഈ തലങ്ങളിലൂടെ ആശയവിനിമയം ഫലപ്രദമായി തുടരാമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്' - വിദേശമന്ത്രാലയവക്താവ് അനുരാഗ് ശ്രീവാസ്തവ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇതിനിടെ, ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ എഡിറ്റോറിയല്‍ പേജ് ലേഖനത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും അമേരിക്കയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും ചൈനീസ് വിദേശകാര്യമന്ത്രാലയം ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ചില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News