അമേരിക്ക-ഇറാന്‍ സംഘര്‍ഷം രൂക്ഷം ; ഭീതിയോടെ ഇന്ത്യ

Update: 2020-01-06 05:46 GMT

അമേരിക്ക-ഇറാന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായത്, എണ്ണയെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയെന്ന നിലയില്‍ ഇന്ത്യയെ വല്ലാതെ ഉലച്ചുതുടങ്ങി. സാധാരണക്കാരന്റെ ജീവിതത്തില്‍ കുറേക്കാലമായി രൂക്ഷമായിരുന്ന താളംതെറ്റല്‍ ഇനിയും പുതിയ തലങ്ങളിലേക്കെത്തുമെന്നാണു സൂചന. മിഡില്‍ ഈസ്റ്റ് പ്രതിസന്ധി ഇന്ത്യയില്‍ പുതിയ പിരിമുറുക്കത്തിന്റെ ആഘാതത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിത്തുടങ്ങി.

2020-21 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് പുതിയ സാഹചര്യം. ഇന്ധനവില ദിവസേന കൂടിത്തുടങ്ങി. അതിന്റെ ചുവടുപിടിച്ച് അവശ്യവസ്തുക്കളുടെ വിലയും കുതിക്കുന്നു. കഴിഞ്ഞമാസങ്ങളില്‍ ഉയര്‍ച്ചയുടെ പാതയിലേറിയ ചില്ലറവില, മൊത്തവില സൂചികകള്‍ ഇന്ധനവില വര്‍ദ്ധനയുടെ ചുവടുപിടിച്ച് ഇനിയും ഉയരും. മുഖ്യ പലിശനിരക്കുകള്‍ ഇനി കുറയ്ക്കാതിരിക്കാനും വേണ്ടിവന്നാല്‍ കൂട്ടാനും റിസര്‍വ് ബാങ്കിനെ ഇതു പ്രേരിപ്പിക്കും. ഇതുവഴി ബാങ്ക് വായ്പാ പലിശനിരക്കും കൂടും. സാധാരണക്കാരന് വായ്പകളും അപ്രാപ്യമാകുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നു.

അപ്രതീക്ഷിതമായുണ്ടായ അമേരിക്ക-ഇറാന്‍ സംഘര്‍ഷം ഇന്ത്യയുടെ ക്രൂഡോയില്‍ വാങ്ങല്‍ച്ചെലവ് കുത്തനെ കൂട്ടും. അത്, വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ പരിധിവിട്ട് ഉയരാന്‍ കാരണമാകും. കമ്മി നിയന്ത്രിക്കാനായില്ലെങ്കില്‍ ചെലവ് ചുരുക്കലിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങും.വിലക്കയറ്റം രൂക്ഷമാകുന്നത് കഴിഞ്ഞ പാദത്തില്‍ ആറര വര്‍ഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞ ഇന്ത്യന്‍ ജി.ഡി.പി വളര്‍ച്ചയെ കൂടുതല്‍ താഴ്ചയിലേക്ക് വീഴ്ത്തും. ഇത്, ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കും. നിക്ഷേപം കൊഴിയും. തൊഴിലില്ലായ്മ കൂടും.

ഉപഭോഗത്തിന്റെ 84.5 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡോയില്‍ ഉപഭോഗത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തും ഏഷ്യയില്‍ ചൈനയ്ക്ക് പിന്നിലായി രണ്ടാമതുമാണ്. ക്രൂഡോയില്‍ വില ഒരു ഡോളര്‍ വര്‍ദ്ധിച്ചാല്‍, ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയില്‍ ഉണ്ടാകുന്ന വര്‍ദ്ധന 100 കോടി ഡോളറാണ്. ഇന്ത്യയുടെ വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2019-20) രണ്ടാംപാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ 0.9 ശതമാനമായി താഴ്ന്നിരുന്നു. കഴിഞ്ഞവര്‍ഷത്തെ സമാന പാദത്തില്‍ ഇത് 2.8 ശതമാനമായിരുന്നു. ഇന്ധനവില വര്‍ദ്ധിച്ച സാഹചര്യത്തില്‍, വരും പാദങ്ങളില്‍ കമ്മി കൂടിയേക്കും. ഇത്, കേന്ദ്രസര്‍ക്കാരിനെ വലിയ സമ്മര്‍ദ്ദത്തിലാഴ്ത്തും.

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ മൂന്നില്‍ രണ്ടു ഭാഗവും സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ മധ്യപൂര്‍വ ദേശത്തെ രാജ്യങ്ങളില്‍ നിന്നാണ്. ഇവരില്‍ നിന്നു മാറി യുഎസ് പോലുള്ള രാജ്യങ്ങളെ എണ്ണ ഇറക്കുമതിക്കായ ആശ്രയിക്കാമെന്നു വച്ചാല്‍ അവിടെയും വില വര്‍ധന കാര്യമായി ബാധിച്ചിട്ടുണ്ട്.

ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചയിലേക്ക് കുപ്പുകുത്തിയ രാജ്യത്ത് അപ്രതീക്ഷിതമായി എണ്ണ വില കൂടി വര്‍ധിക്കുന്നത് ഇരട്ട പ്രഹരമാണ് സൃഷ്ടിക്കുന്നത്. ഇതു നാണയപ്പെരുപ്പത്തെ ബാധിക്കുന്നതോടൊപ്പം പാചക ഇന്ധനത്തിനുള്ള സര്‍ക്കാര്‍ സബ്സിഡികള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് ഇറാന്‍ യു.എസിനോടു പ്രതികാരം ചെയ്യാനൊരുങ്ങുന്നുവെന്ന സൂചന ശക്തമാവുകയാണ്. ഷിയാ മുസ്ലിങ്ങളുടെ പുണ്യനഗരമായ ഖോമിലെ പള്ളിക്കുമുകളില്‍ ശനിയാഴ്ച ചെങ്കൊടി നാട്ടിയതാണ് യുദ്ധപ്രഖ്യാപനമായി വ്യാഖ്യാനിക്കുന്നത്. ഖോമിലെ ജംകാരന്‍ പള്ളിക്കുമുകളില്‍ കൊടിനാട്ടുന്ന ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്തു.

ഇറാന്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചന ലഭിച്ചതോടെ ഭീഷണിയുമായി യു.എസും രംഗത്തെത്തി. അമേരിക്കന്‍ പൗരന്മാര്‍ക്കോ സമ്പത്തിനോ നേരെ ആക്രമണമുണ്ടായാല്‍ ഇറാനിലെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതില്‍ ചിലത് ഇറാന്റെ ഉന്നത, സാംസ്‌കാരിക കേന്ദ്രങ്ങളാണെന്നും 'പൊടുന്നനെയും കനത്തതുമായിരിക്കും' ആക്രമണമെന്നും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.

സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ജംകാരന്‍ പള്ളിക്കുമുകളില്‍ ഇറാന്‍ ചെങ്കൊടി ഉയര്‍ത്തുന്നത്. അന്യായമായ രക്തച്ചൊരിച്ചില്‍ നടത്തിയവരോട് പ്രതികാരം ചെയ്യുന്നതിന്റെ പ്രതീകമാണ് ഷിയാ സംസ്‌കാരത്തില്‍ ചെങ്കൊടി നാട്ടല്‍. ഇതോടെ ബദ്ധശത്രുക്കളായ യു.എസും ഇറാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമോയെന്ന ആശങ്ക ശക്തമായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News