അമേരിക്കയുടെ ധനക്കമ്മിയും കടഭാരവും കുതിച്ചുയരുന്നു; ആശങ്കാജനകമെന്ന് വിദഗ്ധര്‍

Update: 2019-11-02 11:11 GMT

അമേരിക്കയുടെ ധനക്കമ്മിയും കടഭാരവും വര്‍ദ്ധിക്കുന്നത് ആശങ്കാജനകമായ വേഗത്തിലെന്ന് സാമ്പത്തിക വിദഗ്ധര്‍. ട്രഷറി വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചരിത്രത്തില്‍ ആദ്യമായി യുഎസ് സര്‍ക്കാരിന്റെ പൊതു കടം 23 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞു. ധനക്കമ്മി ഒരു ട്രില്യണ്‍ ഡോളറിനോട് അടുക്കുകയുമാണ്.

2017 ജനുവരിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നപ്പോള്‍ 19.9 ട്രില്യണ്‍ ഡോളറായിരുന്നു ദേശീയ കടം. ഈ തുക 16 ശതമാനം വര്‍ധിച്ചു.
ബജറ്റ് കമ്മി ഈ സാമ്പത്തിക വര്‍ഷം 26 ശതമാനം ഉയര്‍ന്ന് 984 ബില്യണ്‍ ഡോളറായി. ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) ഒരു ശതമാനത്തില്‍ കൂടുതലാകരുത് ധനക്കമ്മിയെന്ന നിരീക്ഷണം പഴയ കഥയായി.
2018 ല്‍ 3.8 ശതമാനമായിരുന്നത് അസന്തുലിതാവസ്ഥയുടെ ആക്കം കൂട്ടുമെന്ന സൂചനയോടെ ഈ വര്‍ഷം 4.6 ശതമാനമായി ഉയര്‍ന്നു.

2012നു ശേഷമുള്ള ഏറ്റവും വലിയ ധന കമ്മിയാണിപ്പോഴുള്ളതെന്ന് ട്രഷറി ഡിപ്പാര്‍ട്ടുമെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25% വര്‍ദ്ധിച്ചു. 2020ലും കമ്മി ഉയരുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ധനക്കമ്മി ഒരു ട്രില്യണ്‍ ഡോളര്‍ കവിഞ്ഞത് നാല് തവണ മാത്രമാണ്. 2008ലെ ആഗോള ധനപ്രതിസന്ധിയെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലായിരുന്നു കമ്മി അങ്ങനെ ഉയര്‍ന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ രാജ്യത്തിന്റെ കടമെല്ലാം വീട്ടുമെന്നായിരുന്നു ട്രംപ് വാഗ്ദാനം ചെയ്തിരുന്നത്. ഇപ്പോഴത് 22 ട്രില്യണ് മുകളിലായി. വാര്‍ഷിക ധനക്കമ്മി രാജ്യത്തിന്റെ കടഭാരം വര്‍ദ്ധിപ്പിക്കും. ട്രംപ് അധികാരമേല്‍ക്കുന്നതിനു മുമ്പുള്ള സാമ്പത്തിക വര്‍ഷത്തില്‍ 587 ബില്യണ്‍ ഡോളര്‍ ആയിരുന്നു യുഎസിന്റെ ധനക്കമ്മി.

കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ് യുഎസിന്റെ കമ്മി  ട്രില്യണ്‍ ഡോളറിലേക്കു കുതിച്ചുയരുതെന്നു രാജ്യത്തിന്റെ കടഭാരം കുറയ്ക്കുന്നതിന് വേണ്ടി നിലകൊള്ളുന്ന പീറ്റേഴ്സണ്‍ ഫൗണ്ടേഷന്റെ സിഇഒ മൈക്കല്‍ പീറ്റേഴ്സണ്‍ പറയുന്നു. ഫെഡറല്‍ ബജറ്റില്‍ പലിശ കൊടുത്തുതീര്‍ക്കാനുള്ള തുകയാണ് വര്‍ദ്ധിക്കുന്നതെന്നും യുഎസിന് ആവശ്യം ഈ വളര്‍ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു.

കടത്തിന്റെ കൊടുത്തുതീര്‍ക്കേണ്ടതായ പലിശമാത്രം 376  ബില്യണ്‍ ഡോളറാണ്. മുതിര്‍ന്നവരുടെ ആനുകൂല്യങ്ങള്‍ക്കും സേവന തുറകള്‍ക്കും വിദ്യാഭ്യാസത്തിനും കൂടി നീക്കിവെക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണിത്. സൈനിക ചെലവിന്റെ പകുതിയില്‍ കൂടുതലുമാണ്. സാമൂഹ്യ സുരക്ഷ, മെഡികെയര്‍, ദാരിദ്ര്യ വിരുദ്ധ പരിപാടികള്‍ എന്നിവയാണ് കമ്മി വര്‍ദ്ധിപ്പിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നികുതി നിയമവും കമ്മി ഉയര്‍ത്തുകയാണ്. രാജ്യരക്ഷയ്ക്കും ആഭ്യന്തര ആവശ്യങ്ങള്‍ക്കുമായുള്ള രണ്ടു ബില്ലുകള്‍ നിയമമാകുന്നതോടെ കമ്മി വീണ്ടും ഉയരും.

'നിലനില്‍പ്പില്ലാത്ത'   ഒരു ധന പാതയിലാണ് രാജ്യം സഞ്ചരിക്കുന്നതെന്നു കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസ് (സിബിഒ) മുന്നറിയിപ്പ് നല്‍കുന്നു. 2020ല്‍ കമ്മി 1045 ട്രില്യണ്‍ ഡോളറാകുമെന്നാണ് ട്രഷറി കണക്കാക്കുന്നത്.സമ്പദ്ഘടന ശക്തിപ്പെടുമ്പോള്‍ത്തന്നെ കമ്മി ഉയരുന്നത് സാമ്പത്തിക വിദഗ്ധരെയും ബജറ്റ് നിരീക്ഷകരെയും ഒരേപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത്ര ഭീമമായ കമ്മിയുണ്ടാകുന്നത് ഭരണാധികാരികള്‍ വീണ്ടുവിചാരമില്ലാത്തവരായി മാറിയിരിക്കുന്നതായാണ് കാണിക്കുന്നതെന്ന് ഒബാമയുടെ ഭരണ കാലത്തെ ഡിഫന്‍സ് സെക്രട്ടറിയും റെസ്പോണ്‍സിബിള്‍  ഫെഡറല്‍ ബജറ്റ് കമ്മിറ്റിയുടെ സഹഅധ്യക്ഷനുമായ  ലിയോണ്‍ പെനേറ്റ പറയുന്നു. ധനക്കമ്മി ചുരുങ്ങി വരേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

Similar News