ബോറിസ് ജോൺസണെ ഇന്ത്യക്കാർ പേടിക്കണോ?

Update: 2019-07-25 08:35 GMT

ബോറിസ് ജോൺസൺ എന്ന കടുത്ത വലതുപക്ഷക്കാരൻ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമ്പോൾ യുകെയിലെ ഇന്ത്യൻ കുടിയേറ്റക്കാരുടെ ഭാവിയെന്താകും? അദ്ദേഹത്തിന്റെ നയങ്ങളും കാഴ്ചപ്പാടുകളും പരിശോധിച്ചാൽ വരും നാളുകളിൽ ബ്രിട്ടനിലേക്കുള്ള കുടിയേറ്റം അത്ര എളുപ്പമായിരിക്കാനിടയില്ല.

ബ്രെക്സിറ്റിന്റെ 'പോസ്റ്റർ ബോയ്' എന്നറിയപ്പെടുന്ന ബോറിസ് ജോൺസൺ, കുടിയേറ്റക്കാരുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരണമെന്ന അഭിപ്രായക്കാരനാണ്. അത് പല സന്ദർഭങ്ങളിലായി അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.

ഓസ്‌ട്രേലിയയിൽ നിലവിലുള്ള പോലത്തെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനമാണ് ജോൺസൺ മുന്നോട്ടുവെക്കുന്നത്. കൺസർവേറ്റീവ് പാർട്ടിക്കാരുടെ നെറ്റ് മൈഗ്രേഷൻ ടാർഗറ്റ് എന്ന രീതി അപ്പാടെ എടുത്തു മാറ്റുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം.

ശാസ്ത്രജ്ഞരെപ്പോലെ ഉയർന്ന നൈപുണ്യമുള്ള കുടിയേറ്റക്കാരെ യുകെയിലേക്ക് സ്വാഗതം ചെയ്യണമെന്നാണ് ബോറിസ് ജോൺസൺ പറഞ്ഞിട്ടുള്ളത്. ബ്രെക്സിറ്റ്‌ പൂർത്തിയാകുമ്പോഴേക്കും അൺസ്‌കിൽഡ് (കുറഞ്ഞ നൈപുണ്യമുള്ളവർ) കുടിയേറ്റക്കാരുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം പദ്ധതിയിട്ടിരുന്നു. ബ്രിട്ടന്റെ ആതിഥ്യമര്യാദയെ ദുരുപയോഗം ചെയ്യുന്നവരോട് ദയ ഉണ്ടാകേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും, വലതുപക്ഷ ദേശീയവാദിയെന്ന പേര് തനിക്ക് വീഴരുതെന്നും പുതിയ പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ തന്റെ കാബിനറ്റിൽ ഇന്ത്യൻ വംശജരായ മൂന്ന് എംപിമാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

യുകെയിൽ വലിയൊരു വിഭാഗം ഇന്ത്യൻ കുടിയേറ്റക്കാർ ബിസിനസുകാരാണ്. ഇന്ത്യൻ കമ്പനികളും വലിയ തോതിൽ ബ്രിട്ടനിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. യുകെയിലെ മൂന്നാമത്തെ വലിയ നിക്ഷേപക രാജ്യം ഇന്ത്യയാണ്. 110,000 തൊഴിലുകൾ സൃഷ്ടിച്ച് ഇന്ത്യൻ കമ്പനികളാണ് അവിടെത്തെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവ്. ഇന്ത്യയിലാണെങ്കിൽ നാലാമത്തെ വലിയ നിക്ഷേപക രാജ്യമാണ് ബ്രിട്ടൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സൗഹൃദം ഉയർത്തിക്കാട്ടി ഇന്ത്യ-യുകെ വ്യാപാര ബന്ധം മെച്ചപ്പെടുത്തണമെന്നത് ബോറിസ് ജോൺസന്റെ മുൻഗണനാ പട്ടികയിലുള്ള അജണ്ടയാണ്. അതുകൊണ്ടുതന്നെ ഇമിഗ്രേഷൻ നയങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തേയും കണക്കിലെടുത്തുകൊണ്ടായിരിക്കും രൂപീകരിക്കുക.

Similar News