കോൺഗ്രസിനെ 'ന്യായ്' തുണച്ചില്ല! എന്തുകൊണ്ട്?  

Update: 2019-05-24 06:55 GMT

ദാരിദ്ര്യത്തിനെതിരായ സർജിക്കൽ സ്ട്രൈക്കെന്ന വിശേഷണത്തോടെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ‘ന്യായ്’ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ 20 ശതമാനം ദരിദ്ര കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ അല്ലെങ്കിൽ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യൂനതം ആയോജ് യോജന (ന്യായ്) പദ്ധതിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പലവട്ടം കോൺഗ്രസ് ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.

എന്നിട്ടും വോട്ടർമാർ കോൺഗ്രസിനെ കൈവെടിഞ്ഞതെന്തെന്ന ചർച്ചകൾ ഇപ്പോൾ സജീവമാണ്. രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം തെരഞ്ഞെടുപ്പ് വാഗ്‌ദങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസക്കുറവാണ്. ഓരോ തെരെഞ്ഞെടുപ്പ് വരുംതോറും ഈ അവിശ്വാസം കൂടിവരികയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

മറ്റൊന്ന്, ന്യായ് പദ്ധതി രാഹുൽ പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിഎം കിസാൻ സ്കീം നടപ്പിൽ വരികയും ആദ്യ ഗഡുവായ 2000 രൂപ കർഷകരുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തിരുന്നു. കൈയ്യിലെത്തിയ പദ്ധതിയെ വിശ്വസിക്കണോ അതോ വരാൻ പോകുന്ന പദ്ധതിയെ വിശ്വസിക്കണോ എന്ന ചോദ്യം കർഷകരുടെ മനസിലുയർന്നിട്ടുണ്ടാകണം.

രാഹുൽ 'ന്യായ്' പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപി ചൂണ്ടിക്കാട്ടിയ ഒരു കാര്യം; "1971-ൽ ഇന്ദിരാ ഗാന്ധി ദാരിദ്രം തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു...ഇപ്പോൾ വീണ്ടും അവരുടെ കൊച്ചുമകൻ അതേ കാര്യം ആവർത്തിക്കുന്നു."

രാഹുൽ ഗാന്ധിയുടെ വാഗ്ദാനത്തിന് ചെവികൊടുക്കാതിരിക്കാൻ മറ്റൊരു കാര്യം കൂടിയുണ്ടാകാം. ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിൽ വരുന്നതിന് തൊട്ടുമുൻപ് ക്വിന്റലിന് 2,500 രൂപ നെല്ലിന് താങ്ങുവില കർഷകർക്ക് വാഗ്ദാനം ചെയ്തിരുന്നു. അന്ന് 1,800 രൂപയായിരുന്നു വില. കോൺഗ്രസ് ജയിച്ചു വന്നതിനു ശേഷം പറഞ്ഞ വിലക്ക് നെല്ലുശേഖരണം നടന്നില്ലെന്ന് മാത്രമല്ല വില 1500 രൂപയായി കുറയുകയും ചെയ്തു, ഇക്കണോമിക് ടൈംസ് ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

മറുപുറത്ത്, മോദി വാഗ്ദാനം ചെയ്തതുപോലെ ശൗചാലയങ്ങൾ, ഇലക്ട്രിസിറ്റി, വീട്. പാചകവാതകം എല്ലാം ജനങ്ങളിലേക്കെത്തിക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

കോൺഗ്രസിന് തിരിച്ചുവരണമെങ്കിൽ പദ്ധതികളുടെ ഗുണം താഴേത്തട്ടിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള വ്യക്തമായ പ്ലാനും ദരിദ്രരേഖയ്ക്ക് തൊട്ടുമുകളിൽ നിൽക്കുന്നവർക്ക് വേണ്ട സ്കീമുകളും തയ്യാറാക്കേണ്ടതായുണ്ട്.

Similar News