പ്രമുഖ ബാങ്കുകള്‍ എ.ടി.എമ്മുകളില്‍ നിന്ന് 2,000 രൂപാ നോട്ടുകള്‍ ഒഴിവാക്കുന്നു. പകരം 500, 200, 100 രൂപാ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ അധികമായി നിറയ്ക്കുന്നു. 2,000ന്റെ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് സാവധാനം ഇല്ലാതാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് അനൗദ്യോഗിക വിവരമുണ്ട്.
എ.ടി.എമ്മുകളില്‍ ഇനി 2,000 രൂപാ നോട്ടുകള്‍ നിറയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക് മാത്രമാണ്. 2,000 രൂപാ നോട്ടുകള്‍ ഇപ്പോള്‍ അച്ചടിക്കുന്നില്ലെന്ന് കഴിഞ്ഞവര്‍ഷം വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. പൂഴ്ത്തിവയ്പ്പ് കൂടിയതും പിടിക്കപ്പെടുന്ന വ്യാജ നോട്ടുകളില്‍ ഏറിയ പങ്കും 2,000 രൂപയുടേതാണെന്നതുമാണ് കാരണം. രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശമില്ലെന്നാണ് ധനമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ഡിസംബറില്‍ പാര്‍ലമെന്റില്‍ ചോദ്യത്തിന് മറുപടിയായി അറിയിച്ചത്.
2016 നവംബര്‍ എട്ടിന് 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് 2000 രൂപാ നോട്ട് പുറത്തിറക്കിയത്. പുതിയ 500 രൂപാ നോട്ടും അവതരിപ്പിച്ചു. ഇപ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകളിലെത്തുന്ന 2,000 രൂപാ നോട്ടുകള്‍ തിരികെ ഉപഭോക്താക്കളിലേക്ക് എത്താതിരിക്കാനും ചില ബാങ്കുകള്‍ ശ്രദ്ധവയ്ക്കുന്നു. പക്ഷേ, ഇക്കാര്യം ആരും സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഡല്‍ഹിയില്‍ അറിയിച്ചിരുന്നു.
റിസര്‍വ് ബാങ്കിന്റെ വിവരാവകാശ മറുപടി പ്രകാരം 2016-17 കാലയളവില്‍ 2,000 രൂപയുടെ 3,542.991 ദശലക്ഷം നോട്ടുകളാണ് അച്ചടിച്ചത്. പക്ഷേ, 2017-18 ല്‍ അച്ചടിയില്‍ ഗണ്യമായ കുറവുണ്ടായി. 111.507 ദശലക്ഷം നോട്ടുകള്‍ മാത്രം. ഇത് 2018-19ല്‍ 46.690 ദശലക്ഷം നോട്ടുകളായി കുറഞ്ഞു. 2000 രൂപയുടെ നോട്ട് ഘട്ടം ഘട്ടമായി ഇല്ലാതാകുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി സൂക്ഷിക്കുന്നതെഴിവാക്കാന്‍ സര്‍ക്കാരിനു താല്‍പ്പര്യമുണ്ട്. കള്ളപ്പണം തടയുകയാണിതിനു പിന്നിലെ ലക്ഷ്യം.
2016 നവംബര്‍ 4 ലെ കണക്കു പ്രകാരം മൊത്തം 17,74,187 കോടി രൂപ മൂല്യം വരുന്ന കറന്‍സി നോട്ടുകളുടെ സര്‍ക്കുലേഷന്‍ ആയിരുന്നു രാജ്യത്തുണ്ടായിരുന്നത്. 2019 ഡിസംബര്‍ 2 ന് ഇത് 22,35,648 കോടിയായി ഉയര്‍ന്നു. എന്‍ഐസി (നോട്ട്‌സ് ഇന്‍ സര്‍ക്കുലേഷന്‍) 2014 ഒക്ടോബര്‍ മുതല്‍ 2016 ഒക്ടോബര്‍ വരെ ശരാശരി 14.51 ശതമാനം നിരക്കില്‍ വളര്‍ന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline