നിയമക്കുരുക്കുകള്‍ക്കിടയിലും ഇന്ത്യന്‍ നിര്‍മിത വിസ്‌കിക്ക് ഡിമാന്‍ഡ് ഉയരുന്നു

ഇന്ത്യന്‍ ലഹരിപാനീയങ്ങളുടെ കയറ്റുമതി വൈകാതെ 100 കോടി ഡോളറെത്തും

Update:2023-12-22 16:49 IST

Image courtesy: canva

(Disclaimer: Consumption of alcohol is injurious to health)

ആഗോള വിപണിയില്‍ ഇന്ത്യന്‍ നിര്‍മിത വിസ്‌കിക്ക് ഡിമാന്‍ഡ് കൂടുകയാണ്. എന്നാല്‍ കയറ്റുമതിയില്‍ ചില നിയമക്കുരുക്കുകളുണ്ടെന്ന് വാണിജ്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍.

ഇന്ത്യന്‍ കാലാവസ്ഥ അനുസരിച്ച് ഇവിടെ വിസ്‌കി ഒരു വര്‍ഷത്തിനുള്ളില്‍ പാകപ്പെടാറുണ്ട്. പക്ഷേ ചില രാജ്യങ്ങള്‍ക്ക് അവരുടേതായ മാനദണ്ഡങ്ങളുണ്ട്. ഈ രാജ്യങ്ങളിലെ നിയമം അനുസരിച്ച് ഇവ മൂന്ന് വര്‍ഷമെടുത്ത് പാകപ്പെട്ടാല്‍ മാത്രമേ വാങ്ങുകയുള്ളു. സ്വതന്ത്ര വ്യാപാര കാരാറുകളുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ ഈ നിയമത്തില്‍ മാറ്റം വരുത്താനാകുമോ എന്നതും പരിശോധിക്കുമെന്ന് രാജേഷ് അഗര്‍വാള്‍ പറഞ്ഞു. ഇത് ഇന്ത്യന്‍ നിര്‍മിത വിസ്‌കി കയറ്റുമതി ഉയര്‍ത്തും.

ഔദ്യോഗിക കണക്കുകള്‍ പറയുന്നത്

സ്പിരിറ്റിന് ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നതിനാല്‍ രാജ്യത്തെ മദ്യം ഉള്‍പ്പെടെയുള്ള ലഹരിപാനീയങ്ങളുടെ കയറ്റുമതി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 100 കോടി ഡോളര്‍ (8,400 കോടി രൂപ) കടക്കുമെന്ന് രാജേഷ് അഗര്‍വാള്‍ പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 32.5 കോടി ഡോളറിന്റെ (2,730 കോടി രൂപ) കയറ്റുമതിയാണ് നടന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഈ മേഖലയില്‍ നിന്നുള്ള കയറ്റുമതി 23 കോടി ഡോളറിലെത്തിയതായി (1,932 കോടി രൂപ) വാണിജ്യ മന്ത്രാലയത്തിലെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഉല്‍പ്പന്നങ്ങളുടെ ആഗോള വ്യാപാരം ഏകദേശം 13,000 കോടി യു.എസ് ഡോളറാണ്.

(Consumption of alcohol is injurious to health)

Tags:    

Similar News