മാന്ദ്യം പ്രകടമായി തുടങ്ങി, കയറ്റുമതിയില്‍ 12 ശതമാനം ഇടിവ്

ഡിസംബറില്‍, കയറ്റുമതിയിലെ 30 മേഖലകളില്‍ 11 എണ്ണം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയില്‍ രാജ്യങ്ങളിലെ ഉപഭോഗം കുറഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായി

Update:2023-01-17 10:31 IST

representational image

ഡിസംബര്‍ മാസം ഇന്ത്യയുടെ കയറ്റുമതി 12.2 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ മാസം ഇന്ത്യ കയറ്റി അയച്ചത് 34.48 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ്. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയില്‍ രാജ്യങ്ങളിലെ ഉപഭോഗം കുറഞ്ഞതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, ഇത് മൂന്നാം മാസമാണ് കയറ്റുമതി ഇടിയുന്നത്.

കഴിഞ്ഞ ഡിസംബറില്‍ രാജ്യം, ആ സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കയറ്റുമതി രേഖപ്പെടുത്തിയിരുന്നു. താരതമ്യം ചെയ്ത മാസത്തിലെ ഉയര്‍ന്ന പ്രകടനവും ഇത്തവണ വളര്‍ച്ചയുടെ തോത് കുറയാന്‍ കാരണമായി. അതേ സമയം 2022 നവംബറിനെ അപേക്ഷിച്ച് കയറ്റുമതി 7.75 ശതമാനം വര്‍ധിക്കുകയാണ് ചെയ്തത്.

ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 9 ശതമാനത്തിന്റെ നേരിയ വളര്‍ച്ച കയറ്റുമതിയില്‍ ഉണ്ടായി. ഇക്കാലയളവില്‍ 332.8 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് കയറ്റുമതി ചെയ്തത്. യുഎസ് ആണ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണി. 59.57 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് യുഎസ് വാങ്ങിയത്. യുഎഇ,നെതര്‍ലാന്‍ഡ്‌സ്, ബംഗ്ലാദേശ്, സിംഗപ്പൂര്‍ എന്നിവയാണ് പിന്നാലെ. ഒമ്പത് മാസത്തെ രാജ്യത്തിന്റെ ആകെ ഇറക്കുമതി 551.7 ബില്യണ്‍ ഡോളറിന്റേതായിരുന്നു.

ഡിസംബറില്‍ കയറ്റുമതിയിലെ 30 മേഖലകളില്‍ 11 എണ്ണം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 27 ശതമാനം ഇടിഞ്ഞ് 4.9 ബില്യണ്‍ ഡോളറായി. 2020 നവംബറിന് ശേഷം ആദ്യമായാണ് ഒരു വര്‍ഷത്തെ താരതമ്യത്തില്‍ ഇറക്കുമതി കുറഞ്ഞ മാസം കൂടിയാണ് ഡിസംബര്‍. 58.24 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് ഇറക്കുമതി ചെയ്തത്. രാജ്യത്തെ വ്യാപാരക്കമ്മി 23.76 ബില്യണ്‍ ആണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഉയര്‍ന്നത് വ്യാപാരക്കമ്മി ഉയര്‍ത്തി. 12 ശതമാനം ഉയര്‍ന്ന് ഡിസംബറില്‍ ചൈനീസ് ഇറക്കുമതി 75.87 ബില്യണ്‍ ഡോളറായി.

Tags:    

Similar News