രാജ്യത്തിന്റെ തൊഴില്‍ ശക്തി ഉയര്‍ത്തും; പദ്ധതി പുറത്തിറക്കി ഫിക്കി

സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ പിന്തുണയുള്ള കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്കായി 50-ലധികം പ്രവര്‍ത്തനങ്ങള്‍ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്‌

Update:2022-12-19 15:15 IST

2047-ഓടെ ഇന്ത്യയുടെ തൊഴില്‍ ശക്തി 600 ദശലക്ഷമായി ഉയര്‍ത്താനും ആളോഹരി വരുമാനം ആറ് മടങ്ങ് വര്‍ധിപ്പിച്ച് 10 ലക്ഷമായി ഉയര്‍ത്താനുമുള്ള പദ്ധതി ഇന്ത്യ സെഞ്ച്വറി സംരംഭം പുറത്തിറക്കി. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) മക്കിന്‍സി ആന്‍ഡ് കമ്പനിയും ചേര്‍ന്ന് ആരംഭിച്ച ഒന്നാണ് 'ഇന്ത്യ സെഞ്ച്വറി സംരംഭം'. 2047-ഓടെ രാജ്യം സമ്പൂര്‍ണ്ണ സാമ്പത്തിക ശേഷി കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുക എന്നാണ് ഇതിന്റെ ലക്ഷ്യം.

സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ പിന്തുണയുള്ള കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്കായി 50-ലധികം പ്രവര്‍ത്തനങ്ങള്‍ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. 200-ലധികം കമ്പനികളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് കൃഷി, ഉല്‍പ്പാദനം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍, ഐടി എന്നിവയുള്‍പ്പെടെ 10 മുന്‍ഗണനാ മേഖലകളെ തിരിച്ചറിഞ്ഞാണ് പദ്ധതി തയ്യാറാക്കിയത്.

ഡിജിറ്റല്‍ പരിവര്‍ത്തനം, ഊര്‍ജ പരിവര്‍ത്തനം, ആധുനിക അടിസ്ഥാന സൗകര്യ വികസനം, ആഗോള വിതരണ ശൃംഖലകളുടെ പുനഃക്രമീകരണം എന്നിവയുടെ മുഴുവന്‍ സാധ്യതകളും ഉള്‍ക്കൊള്ളുന്ന നവീകരണം ആവശ്യമാണ്. ഈ നവീകരണത്തിലൂടെ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് കഴിയുമെന്ന് മക്കിന്‍സി ആന്‍ഡ് കമ്പനി സീനിയര്‍ പാര്‍ട്ണര്‍ അലോക് ക്ഷീരസാഗര്‍ പറഞ്ഞു.

വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനും ആഗോള മത്സരക്ഷമത ഉറപ്പാക്കുന്നതിനുമുള്ള ഒരു സഹായിയായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാനുഷിക സമീപനത്തിലൂടെ വ്യവസായത്തില്‍ നൂതനമായ പരിഹാരങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ടെന്നും ഫിക്കി പ്രസിഡന്റ് സഞ്ജീവ് മേത്ത പറഞ്ഞു. തൊഴില്‍ സേനയിലെ സ്ത്രീ പങ്കാളിത്തം 45-50 ശതമാനമാക്കി ഇരട്ടിയാക്കുക, കാര്‍ബണ്‍ പുറന്തള്ളല്‍ 80-100 ശതമാനം കുറയ്ക്കുക, 2047-ല്‍ രാജ്യത്ത് എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുക എന്നിവയിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Tags:    

Similar News