ഫിച്ച് പറയുന്നു,'നെഗറ്റീവ്'ൽ നിന്ന് കേരളം 'സ്ഥിരത'യിലെത്തി

2027 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം വരെ സംസ്ഥാനത്തിന് വളര്‍ച്ചയുടെ ആക്കമാണ് ഫിച്ച് പ്രവചിക്കുന്നത്

Update:2023-08-28 16:10 IST

Image Courtesy: KN Balagopal/facebook.com/photo

കേരളത്തിന്റെ സാമ്പത്തികവീക്ഷണം  'നെഗറ്റീവ്' ആയിരുന്നത് സുസ്ഥിരതയിലേക്ക് ചുവടുയര്‍ത്തിയെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം കേരളത്തിന്റെ ധനസ്ഥിതി താഴേക്കെന്നായിരുന്നു ഫിച്ച് റിപ്പോര്‍ട്ട്. ഫിച്ച് കേരളത്തിന് നൽകിയ ബിബി റേറ്റിംഗ് നിലനിർത്തിയിട്ടുണ്ട്, സാമ്പത്തിക വീക്ഷണം (financial outlook) മാത്രമാണ് നെഗറ്റീവിൽ നിന്ന് സ്ഥിരതയിലേക്ക് മാറിയത്. 

ഫിച്ച് കേരളത്തിന് മധ്യ നിര റിസ്ക് പ്രൊഫൈൽ ആണ്  നൽകിയിട്ടുള്ളത്. 2023-27 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ പ്രവർത്തന വരുമാനം 9% CAGR-ൽ (വാർഷിക വളർച്ച നിറക്ക്) വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതേ കാലയളവിൽ പ്രവർത്തന ചെലവ് 8.1% CAGR-ൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു.

2027 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം വരെ സംസ്ഥാനത്തിന് വളര്‍ച്ചയുടെ ആക്കമാണ് ഫിച്ച് പ്രവചിക്കുന്നത്. പൊതു, സര്‍ക്കാര്‍ ചെലവുകളുടെ ഗണ്യമായ വിഹിതം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രധാന ഉത്തരവാദിത്തങ്ങള്‍, ബജറ്റ് കമ്മി കൈകാര്യം ചെയ്യാനുള്ള ശേഷി തുടങ്ങിയ ആറ് വ്യത്യസ്ത ഘടകങ്ങള്‍ കണക്കിലെടുത്താണ് കേരളത്തെ പ്രാദേശിക സമ്പദ്ഘടനയായി കണ്ടുള്ള ഫിച്ചിന്റെ വിലയിരുത്തല്‍.

നിയന്ത്രണം തുടരുന്നു

അതേ സമയം സംസ്ഥാനത്ത് ധന നിയന്ത്രണം തുടരുകയാണ്. സര്‍ക്കാര്‍ ചെലവുചുരുക്കല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. ഓണക്കാലത്ത് അധിക ബില്ലുകള്‍ എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കേന്ദ്രസര്‍ക്കാരിന്റെ നയ സമീപനം മൂലമുള്ള സാമ്പത്തിക ഞെരുക്കം മാത്രമാണ് കേരളത്തിനുള്ളതെന്നാണ് ധനവകുപ്പ് നല്‍കുന്ന വിശദീകരണം. ഇത്തവണ കൂടുതല്‍ വായ്പയെടുക്കേണ്ടിവന്നതും അതുകൊണ്ടാണ്.

ഇതുവരെ 18,000 കോടി രൂപയാണ് വിപണിയിടപെടല്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി കൈമാറിയത്. ഇത് സര്‍വ്വകാല റെക്കാഡാണെന്നും ധനവകുപ്പ് വിശദീകരിക്കുന്നു.സംസ്ഥാനത്തിന് അനുവദിച്ച വായ്പാ പരിധിയില്‍ ഇനി അധികം ബാക്കിയില്ല.

Tags:    

Similar News