വീണ്ടെടുക്കലില്‍ മുന്നേറുന്നത് കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളെന്നു റിപ്പോര്‍ട്ട്

Update: 2020-06-02 12:17 GMT

കൊറോണ വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും ക്ഷീണമകറ്റി രാജ്യത്തെ സമ്പദ്വ്യവസ്ഥയെ വീണ്ടെടുക്കലിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത് കേരളം ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളാണെന്ന്  മുംബൈയിലെ എലാര സെക്യൂരിറ്റീസ് ഇന്‍ കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്  വ്യക്തമാക്കുന്നു. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 27 % സംഭാവന ചെയ്യുന്ന ഈ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിനു പുറമേ പഞ്ചാബ്, തമിഴ്‌നാട്, ഹരിയാന, കര്‍ണാടക എന്നിവയാണുള്ളത്.

കോവിഡ് -19 മഹാമാരി വ്യാപനം തടയുന്നതിനുള്ള കടുത്ത നടപടികള്‍ കാരണം മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി വ്യാവസായികമായി ഏറ്റവും പുരോഗതി നേടിയ സംസ്ഥാനങ്ങളില്‍ ചിലത് ഇപ്പോള്‍ പിന്നിലാണെന്ന് സാമ്പത്തിക പ്രര്‍ത്തനങ്ങളെ നിരീക്ഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ലോക്ഡൗണില്‍ നിന്ന് സാവധാനം ഉയര്‍ന്നു വരുന്നു സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാനമായും പിന്തുണ നല്‍കുന്നത് കേരളം ഉള്‍പ്പെടയുള്ള  അഞ്ച് സംസ്ഥാനങ്ങളാണെന്ന് എലാര ചൂണ്ടിക്കാട്ടുന്നു.

രാജ്യം മൊത്തത്തില്‍ പ്രവര്‍ത്തന പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും പലയിടത്തും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല.ഇന്ത്യക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഉത്തേജനം സാധാരണ സാമ്പത്തിക പ്രവര്‍ത്തനം പുനരാരംഭിക്കുക എന്നതാണെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഊര്‍ജ്ജ ഉപഭോഗം, ഗതാഗതം, മൊത്ത വിപണികളിലെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വരവ്, ഗൂഗിള്‍ മൊബിലിറ്റി ഡാറ്റ തുടങ്ങിയ സൂചകങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

വൈറസ് അണുബാധ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍, റെസ്റ്റോറന്റുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ജൂണ്‍ 8 മുതല്‍ വീണ്ടും തുറക്കാമെന്ന് കേന്ദ്രം അറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ കാര്യങ്ങളില്‍ മാറ്റം വരും. സാധാരണ സാമ്പത്തിക പ്രവര്‍ത്തനം പുനരാരംഭിക്കുക എന്നതാണ് ഇന്ത്യയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഉത്തേജനം. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ആവശ്യം പ്രതിഫലിപ്പിക്കുന്ന വൈദ്യുതി ആവശ്യകത മെച്ചപ്പെടുത്തിയ സംസ്ഥാനങ്ങളില്‍ പഞ്ചാബും ഹരിയാനയും ഉള്‍പ്പെടുന്നത് നല്ല സൂചനയാണ്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും ഊര്‍ജ്ജ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. മൊബിലിറ്റി പ്രവണതയിലും പുരോഗതിയാണുള്ളത്.

സലൂണ്‍ സേവനങ്ങള്‍, എയര്‍കണ്ടീഷണറുകള്‍, എയര്‍ ട്രാവല്‍, ബൈക്കുകള്‍, വാക്വം ക്ലീനര്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയ്ക്ക് നിലവില്‍ ആവശ്യക്കാര്‍ ഏറെയാണെന്ന് വിശകലന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടിയത് ഫാര്‍മസി, പലചരക്ക് സാധനങ്ങള്‍, ലിക്വിഡ് സോപ്പുകള്‍ എന്നിവ പോലുള്ളവയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇയര്‍ഫോണുകള്‍, ഹെയര്‍ ഓയില്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ആഭരണങ്ങള്‍, മോപ്സ്, കളിപ്പാട്ടങ്ങള്‍, മൈക്രോവേവ് ഓവനുകള്‍ തുടങ്ങിയവയെക്കുറിച്ച് ഗൂഗിളില്‍ തിരയുന്നത് ഉപയോക്താക്കള്‍ ഉപേക്ഷിക്കുന്നതായി അനുഭവപ്പെടുന്നില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News