ഫ്‌ളാറ്റ് വില്‍പന: ഉടമകളില്‍ നിന്ന് അസോസിയേഷനുകള്‍ ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധം

ഈടാക്കിയ ഫീസ് ഉടന്‍ തിരികെ നല്‍കണം; വ്യക്തികള്‍ തമ്മിലെ ഇടപാടില്‍ അസോസിയേഷന്‍ ഇടപെടേണ്ടെന്നും കോടതി

Update: 2023-06-03 05:33 GMT

Image : Canva

വ്യക്തികള്‍ സ്വന്തം ഫ്‌ളാറ്റ് മറിച്ച് വില്‍ക്കുമ്പോള്‍ അപ്പാര്‍ട്ട്മെന്റ്  അസോസിയേഷനോ ഫ്‌ളാറ്റ് ഉടമകളുടെ അസോസിയേഷനോ ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. അസോസിയേഷനുകളില്‍ നിന്ന് ഇത്തരം ഇടപെടലുകളുണ്ടായാല്‍ ഫ്‌ളാറ്റുടമയ്ക്ക് നിയമനടപടി സ്വീകരിക്കാമെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യത്തിന്റെ ബെഞ്ച് വ്യക്തമാക്കി.

കേരളത്തിലും ഫ്‌ളാറ്റുടമകളില്‍ നിന്ന് ഫ്‌ളാറ്റ് ഓണേഴ്‌സ് അസോസിയേഷനുകള്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി പണം വാങ്ങുന്നുണ്ടെന്ന അക്ഷേപങ്ങള്‍ നിരവധിയാണ്.

ഉത്തരവിനാസ്പദമായ സംഭവം
ചെന്നൈ കില്‍പ്പോക്കിലുള്ള ഇ.വി.ആര്‍ പെരിയാര്‍ റോഡിലെ അങ്കുര്‍ ഗ്രാന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. റോഷ്‌നി കിരണ്‍ കുമാര്‍ ഡേവി എന്ന വ്യക്തി അങ്കുര്‍ ഗ്രാന്‍ഡില്‍ ഫ്‌ളാറ്റ് വാങ്ങിയപ്പോള്‍ അസോസിയേഷന്‍ 1.47 ലക്ഷം രൂപ ഫീസ് വാങ്ങിയിരുന്നു. എന്നാല്‍ ഇതുപോലെ ഫ്‌ളാറ്റ് വാങ്ങിയ ആശിഷ് പി. ഡേവി ഫീസ് നല്‍കില്ലെന്ന് വ്യക്തമാക്കുകയും സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ വകുപ്പിനെ  സമീപിക്കുകയും ചെയ്തു.
ഫീസ് വാങ്ങിയ ഓണേഴ്‌സ് അസോസിയേഷന്റെ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ജില്ലാ രജിസ്ട്രാര്‍ റോഷ്‌നിയില്‍ നിന്ന് വാങ്ങിയപണം തിരികെ നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതിനെ ചോദ്യം ചെയ്താണ് അസോസിയേഷന്‍ മദ്രാസ് ഹൈക്കോടതിയിലെത്തിയത്. അസോസിയേഷന്റെ വാദം തള്ളിയ കോടതി, നാലാഴ്ചയ്ക്കകം ഫീസ് തിരികെ നല്‍കണമെന്നും ഉത്തരവിട്ടു.
ഈടാക്കിയത് ചതുരശ്ര അടിക്ക് 50 രൂപ വീതം
വ്യക്തികള്‍ ഫ്‌ളാറ്റ് മറിച്ചുവില്‍ക്കുമ്പോള്‍ അത് വാങ്ങുന്നയാളില്‍ നിന്ന് 2010 വരെ ചതുരശ്ര അടിക്ക് 40 രൂപ വീതമാണ് ഫ്‌ളാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ ഫീസ് ഈടാക്കിയിരുന്നത്. 2011ല്‍ ഇത് 50 രൂപയായി ഉയര്‍ത്തി. മൊത്തം വാങ്ങല്‍ വിലയുടെ ഒരു ശതമാനം ഫീസായി ഈടാക്കുന്നവരുമുണ്ട്.
Tags:    

Similar News