നാല് പതിറ്റാണ്ടിന് ശേഷം ഏറ്റവും വലിയ ചുരുങ്ങലില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. 1979-80 കാലത്താണ് ജിഡിപി അഞ്ച് ശതമാനം ചുരുങ്ങിയതെന്നും കണക്കുകള്‍

Update:2021-06-01 16:30 IST

കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും വലിയ ചുരുങ്ങലില്‍ സമ്പദ് വ്യവസ്ഥയെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2020-21 കാലത്ത് 135.13 ലക്ഷം കോടി രൂപയാണ്. 2019-20 കാലത്ത് 145.69 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം ജനുവരി-മാര്‍ച്ച് പാദവാര്‍ഷിക കാലത്ത് 1.6% വളര്‍ച്ച രേഖപ്പെടുത്തിയെന്നതും വ്യക്തം. എന്നാല്‍ 2019-20 കാലത്ത് ഇന്ത്യ നാല് ശതമാനം വളര്‍ച്ച നേടിയിരുന്നു.
1979-80 കാലത്ത് ജിഡിപി അഞ്ച് ശതമാനമാണ് ചുരുങ്ങിയത്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതും രാജ്യത്തെമ്പാടും ലോക്ക്ഡൗണ്‍ നേരിട്ടതും ഒരു കാരണമാണെന്ന് സാമ്പത്തിക വിദഗ്ധര്‍. രാജ്യത്തെ തൊഴിലില്ലായ്മയും വര്‍ധിച്ചിട്ടുണ്ട്. 14.73 ശതമാനമാണ് തൊഴിലില്ലായ്മയെന്നാണ് മെയ് 23 ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ (സിഎംഐഇ) കണക്ക്.
പുതിയ കണക്കുകളുടെ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ അരങ്ങേറുന്നത്. വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ തകര്‍ച്ചയും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ എത്തിയത്. പ്രധാനമന്ത്രിയുടെ പരാജയങ്ങളുടെ പട്ടിക-കുറഞ്ഞ ജിഡിപി, പരമാവധി തൊഴിലില്ലായ്മ, എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.


Tags:    

Similar News