കോവിഡ് അതിജീവനം,സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ്; ഗീത ഗോപിനാഥിന് പറയാനുണ്ട് ചിലത്

വാക്‌സിന്‍ നിര്‍മാണത്തില്‍ മുന്‍പന്തിയിലെത്തുക മാത്രമല്ല കോവിഡിനെ നേരിടുന്നതോടൊപ്പം സമ്പദ് വ്യവസ്ഥ തിരിച്ചുപിടിക്കലിലും ഇന്ത്യ ഏറെ മുന്നിലെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ്.

Update: 2021-03-09 12:45 GMT

കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നതിനോടൊപ്പം വാക്‌സിന്‍ നയത്തില്‍ ഇന്ത്യ ''ശരിക്കും വേറിട്ടുനില്‍ക്കുന്നു''വെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ്. നിരവധി രാജ്യങ്ങളിലേക്ക് കോവിഡ് -19 വാക്‌സിനുകളുടെ നിര്‍ണായക ഡോസുകള്‍ നിര്‍മ്മിച്ച് അയച്ചുകൊണ്ട് പ്രതിസന്ധി ഘട്ടത്തില്‍ ലോകത്തെ സഹായിക്കുകയാണ് നമ്മള്‍. നിര്‍ണായക ഘട്ടത്തില്‍ കോവിഡ് -19 വാക്‌സിനുകളുടെ ഡോസുകള്‍ പല രാജ്യങ്ങളിലേക്കും അയച്ചുകൊണ്ട് രാജ്യങ്ങളെ സഹായിക്കുന്നതില്‍ നാം ഏറെ ദൂരം എത്തിയിരിക്കുന്നു, അവര്‍ പ്രശംസിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച സംഘടിപ്പിച്ച പരിപാടിയിലാണ് ഗീത ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. 'വാക്സിന്‍ നയത്തിന്റെ കാര്യത്തില്‍ ഇന്ത്യ ശരിക്കും വേറിട്ടു നില്‍ക്കുന്നുവെന്നത് എടുത്തു പറയണം, ലോകത്തിലെ വാക്‌സിനുകളുടെ ഒരു നിര്‍മാണ കേന്ദ്രം എവിടെയാണെന്ന് നിങ്ങള്‍ നോക്കുകയാണെങ്കില്‍ - അതായിരിക്കും ഇന്ത്യ, ''ഗോപിനാഥ് പറഞ്ഞു.
ഒരു വര്‍ഷത്തില്‍ ലോകത്തില്‍ ഏറ്റവുമധികം വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുന്നതില്‍ ഇന്ത്യ മുന്നിലാണെന്നും വാക്‌സിന്‍ ഡോസുകള്‍ നിര്‍മ്മിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കുള്ള പങ്കും ഗീത ഗോപിനാഥ് എടുത്തു പറഞ്ഞു. ലോകത്തിന്റെ വാക്‌സിന്‍ കേന്ദ്രമായ ഇന്ത്യയെക്കുറിച്ചും ആഗോള സാമ്പത്തിക വീണ്ടെടുക്കലിന് രാജ്യം വഹിക്കുന്ന പങ്കിനെക്കുറിച്ചും ഉള്ള ചോദ്യത്തിന് ഗോപിനാഥ് പ്രതികരിക്കുകയായിരുന്നു.
ഈ മഹാമാരിയാല്‍ ഇന്ത്യയെ വളരെയധികം ബാധിച്ചതായി ഗോപിനാഥ് പറഞ്ഞു. സാധാരണഗതിയില്‍ ആറ് ശതമാനത്തില്‍ കൂടുതല്‍ വളരുന്ന രാജ്യം 2020 ല്‍ എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഈ വര്‍ഷം ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തിയ ലോകത്തിലെ ഏക പ്രധാന സമ്പദ്വ്യവസ്ഥയായി രാജ്യത്തെ കാണാം. 2021 ല്‍ ഇന്ത്യ 11.5 ശതമാനം വളര്‍ച്ചാ നിരക്ക് പ്രകടമാക്കുമെന്ന് ഐഎംഎഫ് പ്രതീക്ഷിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.


Tags:    

Similar News