കൊറോണ വൈറസ് വ്യാപനം മൂലം ആഗോള സമ്പദ് വ്യസ്ഥയ്ക്കുണ്ടാകുന്ന നഷ്ടം ഏകദേശം 12 ട്രില്യണ്‍ ഡോളറിന്റേതായിരിക്കുമെന്ന വിലയിരുത്തലുമായി അമേരിക്കയിലെ പ്രമുഖ ഹെഡ്ജ് ഫണ്ട് മാനേജിംഗ് കമ്പനിയായ ബ്രിഡ്ജ് വാട്ടര്‍. ഇതില്‍ നാല് ട്രില്യണ്‍ ഡോളറെങ്കിലുമായി രിക്കും അമേരിക്ക നേരിടുന്ന നഷ്ടമെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ലക്ഷ്യം അകലുമെന്ന സൂചനയുമുണ്ട് ബ്രിഡ്ജ് വാട്ടര്‍ റിപ്പോര്‍ട്ടില്‍.
യുഎസ് കമ്പനികളുടെ വാര്‍ഷിക വളര്‍ച്ച രണ്ടാം പാദത്തില്‍ 30 ശതമാനം വരെ കുറയാനിടയുണ്ട്. തല്‍ഫലമായി, കോര്‍പ്പറേറ്റ് ലാഭം ഇല്ലാതാകാം.ബാലന്‍സ് ഷീറ്റുകളും ശുഷ്‌കമാകും. വരുമാനത്തിലെ കുറവ് മൂലം നിക്ഷേപങ്ങളും അനുബന്ധ പദ്ധതികളും മുടങ്ങും. തൊഴില്‍ കുറയും- ബ്രിഡ്ജ് വാട്ടര്‍ റിപ്പോര്‍ട്ട് പറയുന്നു. 350 ഓളം സ്ഥാപനങ്ങള്‍ക്കായി 160 ബില്യണ്‍ ഡോളര്‍ ആഗോള നിക്ഷേപം കൈകാര്യം ചെയ്യുന്ന ഹെഡ്ജ് ഫണ്ട് മാനേജിംഗ് കമ്പനിയായ ബ്രിഡ്ജ് വാട്ടറിന്റെ അഭിപ്രായത്തില്‍ ആഗോള ആഘാതം വളരെ രൂക്ഷമാണ്.
യുഎസ് കോര്‍പ്പറേറ്റ് വരുമാനം ഏകദേശം 4 ട്രില്യണ്‍ ഡോളര്‍ കുറയുന്നത് വളരെ അപകടകരമായ ഇടിവാണ്. അത്്്് ലഘൂകരിക്കാനോ പരിഹാര മാര്‍ഗം കണ്ടെത്താനോ ആവുന്നില്ലെങ്കില്‍ ദീര്‍ഘ കാല പ്രത്യാഘാതമുണ്ടാകും- ബ്രിഡ്ജ് വാട്ടറിലെ കോ-ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ ഗ്രെഗ് ജെന്‍സന്‍ പറയുന്നു. വിപണിയില്‍ നിന്നുള്ള നഷ്ടം ഏകദേശം 850 ബില്യണ്‍ ഡോളറാകുമെന്ന് അദ്ദേഹം കണക്കാക്കുന്നു.ആഗോള തലത്തില്‍ ഈ പ്രത്യാഘാതം നേരിടാനുള്ള വിവിധ സര്‍ക്കാരുകളുടെ ശേഷി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു.
വിപണിയുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ച നടപടികള്‍ എങ്ങുമെത്തില്ലെന്ന ആശങ്ക റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നു. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക ഉത്തേജന നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് ഗൗരവത്തോടെ വീക്ഷിക്കുന്നുണ്ടെങ്കിലും ധനപരമായുള്ള ദുര്‍ബല സാഹചര്യം ഇതു സംബന്ധിച്ച നീക്കങ്ങളെ പരിമിതപ്പെടുത്തുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായ നടപടികള്‍ ആസന്നമാണെന്ന് തങ്ങള്‍ കരുതുന്നു. എന്നാല്‍ ദുര്‍ബലമായ നികുതി പിരിവ് പ്രതിബന്ധം സൃഷ്ടിക്കുന്നു. ധനക്കമ്മി ലക്ഷ്യം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നപക്ഷം വര്‍ദ്ധിപ്പിച്ച ഇന്ധനനികുതി വരുമാനം കൂടിയാകുമ്പോള്‍ 18 ബില്യണ്‍ ഡോളര്‍ കണ്ടെത്തനായേക്കും. തൊഴിലില്ലായ്മ സഹായം, ജിഎസ്ടി വെട്ടിക്കുറവ്, അനുബന്ധ സൗകര്യ / ഭവന നിര്‍മ്മാണ പദ്ധതി ചെലവ് മുതലായവയ്ക്ക് ധനസഹായം നല്‍കാന്‍ ഇതുവഴി സാധ്യമായേക്കും- ജെഫറീസിലെ മഹേഷ് നന്ദൂര്‍ക്കര്‍ ചൂണ്ടിക്കാട്ടി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline