രാജ്യത്ത് സംഭവിക്കാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും മോശം ജിഡിപി ഇടിവ്!

Update:2020-09-09 12:53 IST

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യം മുന്‍ പ്രവചനങ്ങളേക്കാള്‍ മോശമായിരിക്കുമെന്ന സൂചന നല്‍കി പുതിയ അനുമാനങ്ങള്‍ പുറത്ത്.

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാക്‌സും ഫിച്ച് റേറ്റിംഗുമാണ് അവരുടെ തന്നെ മുന്‍ അനുമാനങ്ങളേക്കാള്‍ മോശം കണക്കുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ ജിഡിപി 14.8 ശതമാനം ചുരുങ്ങുമെന്നാണ് ഇപ്പോള്‍ ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നത്. നേരത്തെ ഇവരുടെ അനുമാനം 11.8 ശതമാനമെന്നതായിരുന്നു. ഫിച്ച് റേറ്റിംഗ്‌സ്, നടപ്പ് സാമ്പത്തിക വര്‍ഷം 10. 5 ശതമാനം ജിഡിപി ചുരുങ്ങല്‍ പ്രവചിക്കുന്നു. ജൂണില്‍ ഫിച്ചിന്റെ അനുമാനം അഞ്ചു ശതമാനം ചുരുങ്ങുമെന്നതായിരുന്നു. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ നേരത്തെയുള്ള അനുമാനത്തിന്റെ ഇരട്ടി ചുരുങ്ങല്‍ ജിഡിപിയില്‍ സംഭവിക്കുമെന്നാണ് ഫിച്ച് പറയുന്നത്.

ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ നാല് ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം ഇടിവാണ് ജിഡിപിയില്‍ സംഭവിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ജിഡിപി 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ജി20 രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും മോശം പ്രകടനം കൂടിയാണിത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് ഇത്രയും രൂക്ഷമായ പ്രത്യാഘാതം സാമ്പത്തിക രംഗത്ത് സൃഷ്ടിച്ചത്. ലോക്ക്ഡൗണ്‍ വന്നതോടെ ഡിമാന്റും സപ്ലൈയും ഒരുപോലെ ഇടിഞ്ഞു. രാജ്യം സ്തംഭിച്ചതോടെ സമ്പദ് വ്യവസ്ഥയിലും അതിന്റെ പ്രതിഫലനമുണ്ടായി.

2021 - 22 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജിഡിപി തിരിച്ചുവരുമെന്ന ശുഭാപ്തി വിശ്വാസം ഗോള്‍ഡ്മാന്‍ സാക്‌സ് പ്രകടിപ്പിക്കുന്നുണ്ട്. ഷോര്‍ട്ട്, മീഡിയം ടേമില്‍ രാജ്യത്തിന്റെ വളര്‍ച്ച തിരിച്ചുവരുന്നതിന് മുന്നില്‍ പ്രതിബദ്ധമായി നിരവധി ഘടകങ്ങളുണ്ടെന്ന് ഫിച്ച് സൂചിപ്പിക്കുന്നു. വര്‍ധിച്ചുവരുന്ന കോവിഡ് വ്യാപനവും പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാകുന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതിന് തടസ്സമാകുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Tags:    

Similar News