2023ല്‍ ഇന്ത്യയുടെ വളര്‍ച്ചാ വേഗത കുറയും; ജിഡിപി 5.9% ആകുമെന്ന് ഗോള്‍ഡ്മാന്‍

പണപ്പെരുപ്പം അടുത്ത വര്‍ഷം 6.1 ശതമാനമായി കുറയും.

Update: 2022-11-21 11:59 GMT

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് 2023ല്‍ അതിന്റെ വളര്‍ച്ചാ വേഗത നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് വ്യക്തമാക്കിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന വായ്പാ ചെലവുകളും കൊവിഡില്‍ നിന്നും കരകയറിയ സമ്പദ്വ്യവസ്ഥയില്‍ നിന്നുള്ള ലാഭം കുറയുന്നതുമാണ് ഇതിന്റെ കാരണമെന്ന് ആന്‍ഡ്രൂ ടില്‍ട്ടന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ്മാന്‍ സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) ഈ വര്‍ഷം കണക്കാക്കിയ 6.9 ശതമാനത്തില്‍ നിന്ന് 2023 കലണ്ടര്‍ വര്‍ഷത്തില്‍ 5.9 ശതമാനമായേക്കാം. കൂടാതെ റീട്ടെയില്‍ പണപ്പെരുപ്പം ഈ വര്‍ഷം കണക്കാക്കിയ 6.8 ശതമാനത്തില്‍ നിന്ന് അടുത്ത വര്‍ഷം 6.1 ശതമാനമായി കുറയുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം കഴിഞ്ഞ പത്ത് മാസമായി ആര്‍ബിഐയുടെ ടോളറന്‍സ് ബാന്‍ഡായ 6 ശതമാനത്തിന് മുകളിലാണ്. ഇനിയും ഇത് തുടരുമെന്നും വിദഗ്ധര്‍ പറയുന്നു.

കുതിച്ചുയരുന്ന പണപ്പെരുപ്പം തടയാനുള്ള ശ്രമത്തില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നുതും തുടരുകയാണ്. ഇത് കൊവിഡിന് ശേഷമുള്ള സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ചാ വേഗത കുറയ്ക്കുന്നു. മാത്രമല്ല വികസിത സമ്പദ്വ്യവസ്ഥകളുടെ ജിഡിപിയും സാമ്പത്തിക രംഗത്തിന് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച ഒക്ടോബറില്‍ കുത്തനെ ഇടിഞ്ഞു. ഇത് ആഗോള ഡിമാന്‍ഡിലെ ഇടിവിലേക്ക് വിരല്‍ ചൂണ്ടുന്നു.

അതേസമയം പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകള്‍ കാണിച്ച് തുടങ്ങിയെന്നും നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യയുടെ ജിഡിപി 6.1 ശതമാനത്തിനും 6.3 ശതമാനത്തിനും ഇടയില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോെട 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഏകദേശം 7 ശതമാനം മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കോര്‍പ്പറേഷനുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റുകള്‍, വ്യക്തികള്‍ എന്നിവ ഉള്‍പ്പെടുന്ന വിവിധ ക്ലയന്റ് ബേസിന് വിപുലമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ഒരു പ്രമുഖ ആഗോള ധനകാര്യ സ്ഥാപനമാണ് ഗോള്‍ഡ്മാന്‍ സാച്ച്സ് ഗ്രൂപ്പ്. ലോകമെമ്പാടുമുള്ള ഗവേഷണ സംഘങ്ങളില്‍ നിന്ന് സമ്പദ്വ്യവസ്ഥ, വിപണികള്‍, വ്യവസായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള യഥാര്‍ത്ഥ സ്ഥിതിവിവരക്കണക്കുകള്‍ ഗോള്‍ഡ്മാന്‍ സാച്ച്സ് റിസര്‍ച്ച് അവതരിപ്പിക്കാറുണ്ട്.

Tags:    

Similar News