ചരിത്രവിലയില്‍ സ്വര്‍ണം; കേരളത്തില്‍ ഉടന്‍ ഒരു പവന് 36000 രൂപയാകുമോ?

Update: 2020-06-21 06:12 GMT

സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് എക്കാലത്തെയും ചരിത്രവില രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 35520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4440 രൂപയാണ് നിരക്ക്. ഇന്നലെ രാവിലെ 35400 രൂപയായിരുന്ന സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം 35520 രൂപയായി ഉയരുകയായിരുന്നു. ഇന്നും ഇതേ റെക്കോര്‍ഡ് വിലയ്ക്ക് തന്നെയാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 34160 രൂപയാണ്. ജൂണ്‍ 6,7,8 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 25,136 രൂപയായിരുന്നു സ്വര്‍ണവില. 2019 ജനുവരിയില്‍ ശരാശരി 24000 രൂപയായിരുന്നു 22 കാരറ്റ് സ്വര്‍ണത്തിന്റെ വില.

ഈ വര്‍ഷം ഫെബ്രുവരിയില്‍ പവന് 29,600 രൂപയായിരുന്നു. 2020 ലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയായിരുന്നു അത്. ജൂണ്‍ പകുതിയ്ക്ക് ശേഷമാണ് സ്വര്‍ണ വില പവന് 35,000 ന് മുകളിലേയ്ക്ക് ഉയര്‍ന്നത്. ഇപ്പോള്‍ കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം അഞ്ഞൂറ് രൂപയോളം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ആഭരണങ്ങള്‍ക്ക് ഉപയോഗിക്കാറുള്ള 24 കാരറ്റിന് (ശുദ്ധ സ്വര്‍ണം) 4,828 രൂപയാണ് ഗ്രാമിന്. പവന്് 38,624 രൂപയുമാണ്.

കണക്കുകള്‍ പരിശോധിച്ചാല്‍, ചാക്രികമായ വില വര്‍ധനവിലുള്ള സ്വര്‍ണം 36,000 എത്തിയേക്കുമെന്നും നിരീക്ഷകര്‍ പറയുന്നു. അങ്ങനെയെങ്കില്‍ കേരളത്തിലെ വില കഴിഞ്ഞ വര്‍ഷത്തെ 25,000 ത്തില്‍ നിന്നും ഈ വര്‍ഷത്തെ 36,000 എന്നതിലേക്ക് ഉയരും. 10,000 രൂപയാണ് വര്‍ധനവ് വരുക. പ്രവചനാതീതമായ ഉയര്‍ച്ചയും താഴ്ചയുമാണ് സ്വര്‍ണത്തിനുള്ളതെങ്കിലും വലിയൊരു താഴ്ച വരും ദിനങ്ങളില്‍ പ്രതീക്ഷിക്കാനാകില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News