പണം കണ്ടെത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുമോ സര്‍ക്കാര്‍

Update: 2020-05-07 12:20 GMT

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പൊതുമേഖലാ സ്ഥാപനങ്ങലുടെ ഓഹരികള്‍ വില്‍ക്കുമോ സര്‍ക്കാര്‍. അങ്ങനെ ചെയ്ത് പണം കണ്ടെത്താമെന്ന സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചു വരികയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്. എല്‍ഐസി, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങിയവയുടെ ഓഹരികള്‍ വിറ്റഴിച്ച് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 10 ശതമാനത്തോളം തുക കണ്ടെത്താമെന്നാണ് അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.

ഓഹരികള്‍ക്ക് പകരമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോ കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമോ ഫണ്ട് നല്‍കുക എന്നതാണ് അഭികാമ്യമായി ഉയര്‍ന്നു വന്നിരിക്കുന്ന നിര്‍ദ്ദേശം.

ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ മേഖലകളിലുണ്ടായിരിക്കുന്ന തകര്‍ച്ച പരിഹരിക്കണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് മികച്ച സാമ്പത്തിക പാക്കേജ് ഇനിയും ഉണ്ടാകേണ്ടതുണ്ട്. അതിനുള്ള പണം ഇത്തരത്തില്‍ സമാഹരിക്കാനാകുമെന്നാണ് അഭിപ്രായമുയര്‍ന്നിരിക്കുന്നത്.

സാമ്പത്തിക ഞെരുക്കം നേരിടുന്ന സര്‍ക്കാര്‍ ചെലവ് ചുരുക്കാനും പണം കണ്ടെത്താനുമുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി 1.15 കോടി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 2020 ജനുവരി മുതല്‍ 2021 ജൂലൈ വരെയുള്ള ഡിയര്‍നെസ് അലവന്‍സ് നല്‍കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ 37,530 കോടി രൂപ സമാഹരിക്കാനാകും എന്നാണ് കണക്കു കൂട്ടല്‍. ഇതു കൂടാതെ വിവിധ വകുപ്പുകളോട് ഏതൊക്കെ ചെലവുകള്‍ കുറയ്ക്കാനാകുമെന്ന് ധനമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആവശ്യങ്ങള്‍ക്ക് ചെലവഴിക്കാനുള്ള തുക കണ്ടെത്തുന്നതിന്റെ ഭാഗമായി 4.1 ലക്ഷം കോടി വരുന്ന മൂലധന ചെലവില്‍ കാര്യമായ കുറവ് വരുത്താനും പദ്ധതിയിടുന്നുണ്ട്. വരുമാനം ചുരുങ്ങി വരുന്ന സാഹചര്യത്തില്‍ ധനക്കമ്മി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യപ്പെടില്ല.

ഈ സാഹചര്യത്തിലാണ് പണം കണ്ടെത്താനുള്ള മറ്റൊരു മികച്ച മാര്‍ഗമെന്ന നിലയില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News