ലാപ്‌ടോപ്പ് ഇറക്കുമതി: കേന്ദ്രം മയപ്പെടുന്നു; നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചേക്കും
ഒരു വര്‍ഷത്തേക്ക് കൂടി നിയന്ത്രണം നീട്ടിവച്ചേക്കും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പരിഗണനയില്‍
ലാപ്ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ എന്നിവ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവു വരുത്താനൊരുങ്ങി കേന്ദ്രം. ഇറക്കുമതി കമ്പനികള്‍ക്ക് ലൈസന്‍സിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനോ അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്കോ മറ്റോ നിയന്ത്രണം നീട്ടി വയ്ക്കാനോ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇറക്കുമതി നിരോധനവുമായി ബന്ധപ്പെട്ട ഇന്‍ഡസ്ട്രിയുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
നവംബര്‍ ഒന്ന് മുതല്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഇന്‍ഡസ്ട്രി വൃത്തങ്ങളുമായി നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ചര്‍ച്ച തുടങ്ങും. ഇതിനു ശേഷം വിദേശ വ്യാപാര ഡയറക്ടറേറ്റിന് (Directorate General of Foreign Trade/DGFT) നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും.
ബുദ്ധിമുട്ടേറിയ ലൈസന്‍സ് പ്രക്രിയകള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നതാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. യുണീക് കോഡ് ജനറേറ്റ് ചെയ്ത് ഇംപോര്‍ട്ട് ബില്ലില്‍ രേഖപ്പെടുത്തുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ തീരുമാനിക്കുന്നത്രയും കാലത്തേക്ക് ഇറക്കുമതി തുടരാനാകും. അതേ പോലെ ഏതെങ്കിലും തരത്തിലുള്ള റിസ്‌കുകള്‍ ഉടലെടുക്കുന്ന പക്ഷം കമ്പനികളെ മാറ്റി നിര്‍ത്താനും ഇതു വഴി സാധിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
പ്രശ്‌നം ചൈന
ഓഗസ്റ്റ് മൂന്നിനാണ് ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍ ഇറക്കുമതി നിരോധിച്ചുകൊണ്ട് ഡി.ജി.എഫ്.റ്റി ഉത്തരവ് ഇറക്കിയത്. അംഗീകൃത ലൈസന്‍സുള്ള ലാപ്‌ടോപ്പുകള്‍ മാത്രമാണ് കൊണ്ടുവരാന്‍ അനുമതി. ചൈനയില്‍ നിന്നുള്ള ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും പി.എല്‍.ഐ പദ്ധതി (Production Linked Incentive Scheme) വഴി പ്രാദേശിക ഉത്പാദനം ഉയര്‍ത്തുകയുമാണ് ലക്ഷ്യമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. 78 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ലാപ്ടോപ്പുകളും ടാബ്‌ലെറ്റുകളും കംപ്യൂട്ടറുകളുമാണ് പ്രതിവര്‍ഷം ചൈന ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തുന്നത് ഡിസംബര്‍ 31 വരെ മാറ്റി വച്ചത്.
കംപ്യൂട്ടര്‍ നിര്‍മാതാക്കളായ എച്ച്.പി, ഡെല്‍, എച്ച്.പി എന്റര്‍പ്രൈസസ്, ആപ്പിള്‍, ഏസര്‍, അസൂസ്, ലെനോവോ എന്നിവരുള്‍പ്പെടുന്ന സംഘടനയായ ഇന്ത്യ സെല്ലുലാര്‍ ഇലക്ട്രോണിക്‌സ് അസോസിയേഷനും നിരോധനം മാറ്റി വയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.