കയറ്റുമതി ദുര്‍ബലപ്പെടുമെന്ന് ധനമന്ത്രാലയം; ആഭ്യന്തര ഡിമാന്‍ഡ് സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രചോദനം

വരും മാസങ്ങളില്‍ തൊഴിലവസരങ്ങള്‍ വീണ്ടും ഉയരുമെന്നും ധനമന്ത്രാലയം അറിയിച്ചു. ചില കാര്യങ്ങളാല്‍ വരാനിരിക്കുന്ന ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം വര്‍ധിപ്പിച്ചിട്ടുണ്ട്

Update: 2022-11-26 08:01 GMT

ആഗോള മാന്ദ്യം ഇന്ത്യയുടെ കയറ്റുമതിയെ ദുര്‍ബലപ്പെടുത്തിയേക്കാമെന്നും ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നിരുന്നാലും, ആഭ്യന്തര ഡിമാന്‍ഡ്, ശക്തിപ്പെടുത്തിയ സാമ്പത്തിക വ്യവസ്ഥ, ഘടനാപരമായ പരിഷ്‌കാരങ്ങള്‍ എന്നിവ മുന്നോട്ടുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രചോദനം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ആഗോള ചരക്ക് വില കുറയുന്നതും പുതിയ ഖാരിഫ് വിളകളുടെ വരവും വരും മാസങ്ങളില്‍ പണപ്പെരുപ്പ സമ്മര്‍ദം കുറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആഗോള സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും സാമ്പത്തിക സ്ഥിരതയുടെ പിന്‍ബലത്തില്‍, വരും വര്‍ഷങ്ങളില്‍ മിതമായ വേഗതയില്‍ വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

കൊവിഡ്-19 നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതും ഉല്‍സവ സീസണില്‍ വില്‍പന കുതിച്ചുയര്‍ന്നതിന്റെയും നേട്ടം കമ്പനികള്‍ക്കുണ്ട്. അതിനാല്‍ കമ്പനികളുടെ നിയമനം വരാനിരിക്കുന്ന പാദങ്ങളില്‍ മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. വരും മാസങ്ങളില്‍ തൊഴിലവസരങ്ങള്‍ വീണ്ടും ഉയരുമെന്നും ധനമന്ത്രാലയം അറിയിച്ചു.

നടപ്പുവര്‍ഷം ഇതുവരെ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ ആശങ്കകള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാരില്‍ നിന്ന് പരമാവധി മുന്‍ഗണന ലഭിക്കുന്നത് തുടരുമെന്നും ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള വളര്‍ച്ചാ സാധ്യതകളിലെ വേഗത്തിലുള്ള തകര്‍ച്ച, ഉയര്‍ന്ന പണപ്പെരുപ്പം, മോശം സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവ വരാനിരിക്കുന്ന ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News