നടപ്പു സാമ്പത്തിക വര്‍ഷത്തെ (2020- 21) ആദ്യ രണ്ടു മാസക്കാലമായ ഏപ്രില്‍-മേയ് കാലയളവില്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത് 39,955.42 കോടി രൂപ. ഏപ്രിലില്‍ 10,559.82 കോടി രൂപയും മേയില്‍ 29,395.60 കോടി രൂപയും. നടപ്പുവര്‍ഷത്തെ ലക്ഷ്യമായ 2.48 ലക്ഷം കോടി രൂപയുടെ 16 ശതമാനമാണിത്.
ഇന്ത്യയില്‍ ഇന്ധന റീട്ടെയില്‍ വിലയുടെ 65 ശതമാനവും കേന്ദ്ര എക്സൈസ് നികുതിയും 17-30 ശതമാനം സംസ്ഥാന മൂല്യവര്‍ദ്ധിത നികുതിയുമാണ് (വാറ്റ്).രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപഭോഗം ലോക്ക്ഡൗണിന് മുമ്പത്തേതിന്റെ 90 ശതമാനത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.9.7 മെട്രിക് ടണ്‍ പെട്രോളാണ് ഏപ്രിലില്‍ വിറ്റഴിഞ്ഞത്. മേയില്‍ ഇത് 17.69 മെട്രിക് ടണ്ണായി ഉയര്‍ന്നു. ഡീസല്‍ വില്പന 32.50 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 54.95 മെട്രിക് ടണ്ണായും വര്‍ദ്ധിച്ചു. ഡീസല്‍ വില്പന 169 ശതമാനവും പെട്രോള്‍ വില്പന 181 ശതമാനവും ഉയര്‍ന്നു.
ഏപ്രിലില്‍ എക്സൈസ് നികുതി പെട്രോള്‍ ലിറ്ററിന് 22.98 രൂപയും ഡീസല്‍ ലിറ്ററിന് 18.83 രൂപയും ആയിരുന്നു. മേയില്‍ കേന്ദ്രം പെട്രോള്‍ നികുതി 32.98 രൂപയിലേക്കും ഡീസല്‍ നികുതി 31.83 രൂപയിലേക്കും ഉയര്‍ത്തി. ഇന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് വില കൂടിയത്. തുടര്‍ച്ചായി 19ദിവസമാണ് ഇന്നത്തെ വര്‍ദ്ധന.
പെട്രോളിനും ഡീസലിനും സംസ്ഥാനം അധിക നികുതി പിന്‍വലിക്കില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് അറിയിച്ചു. കേന്ദ്രത്തിന്റെ എക്സൈസ് തീരുവ പിന്‍വലിക്കുകയാണ് വേണ്ടത്. സംസ്ഥാനത്തിന്റെ നികുതി കുറയ്ക്കാന്‍ ഒരു തീരുമാനവുമില്ല. കേന്ദ്രം നികുതി കുറച്ചാല്‍ മാത്രമേ ഇന്ധന വിലയില്‍ മാറ്റമുണ്ടാകൂവെന്നും തോമസ് ഐസക് പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline