മേയിലെ ജി.എസ്.ടി പിരിവ്: കേരളത്തില്‍ 11% വളര്‍ച്ച
ദേശീയതലത്തില്‍ ലഭിച്ചത് 1.57 ലക്ഷം കോടി രൂപ
കേരളത്തില്‍ നിന്നുള്ള ചരക്ക്-സേവന നികുതി (ജി.എസ്.ടി) സമാഹരണം മേയില്‍ 2022 മേയ് മാസത്തേക്കാള്‍ 11 ശതമാനം ഉയര്‍ന്ന് 2,297 കോടി രൂപയിലെത്തിയെന്ന് ധാനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. 2022 മെയില്‍ 2,064 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ കേരളത്തില്‍ നിന്ന് 3,010 കോടി രൂപ ലഭിച്ചിരുന്നു. 2022 ഏപ്രിലിനേക്കാള്‍ 12 ശതമാനമായിരുന്നു വളര്‍ച്ച.
ദേശീയതലത്തിലും മികച്ച നേട്ടം
മേയിലെ ദേശീയതല ജി.എസ്.ടി വരുമാനം 2022 മേയിലെ 1.40 ലക്ഷം കോടി രൂപയില്‍ നിന്ന് 12 ശതമാനം വര്‍ധിച്ച് 1.57 ലക്ഷം കോടി രൂപയിലെത്തി. 2023 ഏപ്രിലില്‍ ഇത് 1.87 ലക്ഷം കോടിയെന്ന റെക്കോര്‍ഡ് നിലയിലായിരുന്നു.
കഴിഞ്ഞമാസം 28,411 കോടി രൂപ കേന്ദ്ര ജി.എസ്.ടിയായും 35,828 കോടി രൂപ സംസ്ഥാനതല ജി.എസ്.ടിയായുമാണ് ലഭിച്ചത്. 81,361 കോടി രൂപ സംയോജിത (ഇന്റഗ്രേറ്റഡ്) ജി.എസ്.ടിയായും 11,489 കോടി രൂപ സെസ് ആയും നേടി.
1.5 ലക്ഷം കോടിക്കു മുകളില്‍ അഞ്ചാം തവണ
തുടര്‍ച്ചയായി ഇത് പതിനാലാം തവണയാണ് ജി. എസ്. ടി സമാഹരണം 1.4 ലക്ഷം കോടി രൂപ കടക്കുന്നത്. ജി. എസ്. ടി നടപ്പാക്കിയതിനുശേഷം സമാഹരണം 1.5 ലക്ഷം കോടിക്ക് മുകളില്‍ കടക്കുന്നത് ഇത് അഞ്ചാം തവണയും. സംസ്ഥാനങ്ങളില്‍ ജി.എസ്.ടി പിരിവില്‍ മുന്നില്‍ മഹാരാഷ്ട്രയാണ്. മുന്‍ വര്‍ഷത്തെ സമാനകാലയാളവിനേക്കാള്‍ 16 ശതമാനം വര്‍ധിച്ച് 23,356 കോടി രൂപയായി.
വ്യാജ ജി.എസ്.ടി ഇന്‍വോയ്‌സുകള്‍ക്കെതിരെയുള്ള നടപടികളും തുടര്‍ച്ചയായി നടക്കുന്ന ജി.എസ്.ടി ഓഡിറ്റും വരും മാസങ്ങളില്‍ ജി.എസ്.ടി പിരിവ് വീണ്ടും ഉയര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.