കിഫ്ബിയുടെ പ്രസക്തി നഷ്ടമായോ?
അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിന് പുറത്ത് ധന സമാഹരണം നടത്താനുള്ള ശ്രമം വ്യര്‍ത്ഥമാകുന്നു
സംസ്ഥാന സര്‍ക്കാര്‍ ബജറ്റിന് പുറത്ത് അടിസ്ഥാന സൗകര്യം വികസിപ്പിക്കാനായി തുടങ്ങിയ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്റ് ഫണ്ട് ബോര്‍ഡ്) പ്രസക്തി ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നു. ബജറ്റ് അവതരണത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്റെ പ്രതികരണത്തില്‍ ഇത് പ്രാധാന്യത്തോടെ സൂചിപ്പിച്ചു.
കിഫ്ബി എടുക്കുന്ന കടം സര്‍ക്കാരിന്റെ ബാധ്യതയായി കണക്കാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നയമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ അതാത് വകുപ്പുകള്‍ ചെലവുകള്‍ വഹിച്ചാല്‍ പോരെ, കിഫ്ബി എന്ന സ്ഥാപനത്തിന്റെ പേരില്‍ എന്തിനാണ് ചെലവുകള്‍ വരുത്തിവെക്കുന്നത് എന്ന പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
കിഫ്ബി കൂടാതെ സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനി എന്ന സ്ഥാപനത്തിന്റെ ബാധ്യതകളും സര്‍ക്കാര്‍ ബാധ്യതയായി പരിഗണിക്കുന്നത് സംസ്ഥാനത്തിന് കടമെടുക്കാനുള്ള ശേഷിയെ പരിമിതപ്പെടുത്തുകയാണെന്ന് ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഈ വകയിലും 3100 കോടി രൂപയുടെ കുറവ് ഉണ്ടാകും. വിപണിയില്‍ നിന്നുള്ള കടമെടുപ്പ് പരിധിയില്‍ കുറവ് വരുത്തിയത് മൂലം മൊത്തം 4000 കോടിയുടെ രൂപയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്.
കേരളം കട കെണിയില്‍ അല്ലെന്ന് പ്രഖ്യാപിക്കുമ്പോഴും കടമെടുത്തല്ലാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട്. ജി എസ് ടി നഷ്ടപരിഹാരം നിറുത്തിയതും, കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനി എന്നിവയുടെ ബാധ്യതയും, കടമെടുക്കാനുള്ള പരിധിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നതും കൂടി മൊത്തം 10,700 കോടി രൂപയുടെ വിഭവ സമാഹരണ സാധ്യത ഇല്ലാത്തയാക്കിയെന്ന് ബജറ്റില്‍ പറയുന്നണ്ട്.