പുതിയ കാര്‍ഷിക നിയമം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും! ഗീത ഗോപിനാഥ്
ലോകം മുഴുവനുമുള്ള ഇന്ത്യക്കാര്‍ കര്‍ഷകസമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ വിവാദ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. കാരണം വ്യക്തമാക്കുന്നതിങ്ങനെ.
കര്‍ഷക സമരം രണ്ടുമാസത്തോളമായി അതിശക്തമായി തുടരുമ്പോള്‍ വിവാദ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് രംഗത്ത്. കേന്ദ്രം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശേഷിയുള്ളവയാണെന്നാണ് ഗീത ഗോപിനാഥ് പ്രതികരിച്ചത്.
നിയമങ്ങള്‍ വരുമാനമുള്‍പ്പെടെയുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ്. എങ്കിലും പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്കായി സാമൂഹ്യസുരക്ഷാ സംവിധാനം വരേണ്ടത് പ്രധാനമാണെന്നും ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പരിഷ്‌കാരമാണ് ആവശ്യമെന്നും അവര്‍ വ്യക്തമാക്കി.
വിവിധ മേഖലകളില്‍ കാര്‍ഷിക പരിഷ്‌കരണ നടപടികള്‍ ആവശ്യമാണ്. അടിസ്ഥാന സൗകര്യം ഉള്‍പ്പെടെ അതു പ്രാബല്യത്തില്‍ വരണം. കര്‍ഷകര്‍ക്കു കിട്ടുന്ന വിപണി വലുതാക്കുന്ന നിയമങ്ങളാണ് ഇപ്പോഴത്തേത്. മണ്ഡികളെ കൂടാതെ വിവിധ കേന്ദ്രങ്ങളില്‍ വിളകള്‍ വില്‍ക്കാനാകും, പ്രത്യേക നികുതി നല്‍കാതെതന്നെ.
ഏതു പരിഷ്‌കാരം നടപ്പാക്കുമ്പോഴും മാറ്റത്തിന്റേതായ വിലകൊടുക്കേണ്ടി വരും. നിയമത്തിനു ദോഷമുണ്ടോ എന്നെല്ലാം ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ. എന്താണു ഫലമെന്നു നോക്കാം ഗീത ഗോപിനാഥ് വിശദമാക്കി.