മലപോലെ ഉയര്‍ന്ന് ഇന്ത്യന്‍ കുടുംബങ്ങളുടെ കടം; കോര്‍പ്പറേറ്റ് കടങ്ങളെയും മറികടന്ന് വളര്‍ച്ച

ഭവന വായ്പകളേക്കാള്‍ കൂടുതല്‍ മറ്റു വായ്പകള്‍

Update: 2024-04-24 11:33 GMT

Representational Image by Canva

ലോകത്തെ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ കുടുംബങ്ങളുടെ കടം (കുടുംബത്തിലെ അംഗങ്ങളുടെ കടം) കുമിഞ്ഞു കൂടുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (gross domestic product/GDP) 39.1 ശതമാനമാണ് ഗാര്‍ഹിക കടം. 2020-21 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ 16.5 ശതമാനമായിരുന്നു ഇതിനു മുമ്പത്തെ ഏറ്റവും ഉയര്‍ന്ന നില. മോത്തിലാല്‍ ഒസ്‌വാള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ആശങ്കയുളക്കാവുന്ന കണക്കുകളുള്ളത്.

കോര്‍പ്പറേറ്റുകളുടെ കടവുമായി നോക്കുമ്പോള്‍ കുടുംബങ്ങളുടെ കടം വിപരീത ദിശയിലാണ്. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കോര്‍പ്പറേറ്റ് കടം വെറും 6.1 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. അതായത് ജി.ഡി.പിയുടെ 42.7 ശതമാനം. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്.
മുന്നില്‍ ഭവന ഇതര വായ്പകള്‍
ഭവന ഇതര വായ്പകളാണ് അതിവേഗം കൂടുന്നത്. ഡിസംബര്‍ പാദത്തില്‍ ഭവന ഇതര വായ്പകള്‍ 18.3 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ഭവന വായ്പകള്‍ 12.2 ശതമാനം മാത്രമാണ് വര്‍ധിച്ചത്. നിലവില്‍ കുടുംബങ്ങളുടെ മൊത്തം കടത്തിന്റെ 72 ശതമാനവും ഭവന ഇതര വായ്പകളാണ്.
കൊവിഡിന് ശേഷം
2020-21 സാമ്പത്തിക വര്‍ഷം മുതലാണ് ഇന്ത്യന്‍ കുടുംബങ്ങളുടെ കടം ഗണ്യമായി വര്‍ധിച്ചത്. കൊവിഡ് വ്യാപാനം മൂലം പലരും കടമെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. പക്ഷെ ഇനിയും കടം വാങ്ങുന്നതില്‍ നിന്ന് മുക്തമാകാന്‍ സാധിച്ചിട്ടില്ലെന്നത് ആശങ്ക കൂട്ടുന്നുണ്ട്.
കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ലോക്ക്ഡൗണും മറ്റും മൂലം ജി.ഡി.പി വളര്‍ച്ച 3.5 ശതമാനമായിരുന്നു. എന്നാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ജി.ഡി.പി വളര്‍ച്ച 8.4 ശതമാനമാണ്. അതായത് അനുകൂലമായ സാഹചര്യമുണ്ടായിട്ടും ജി.ഡി.പിയുടെ ഉയര്‍ന്ന നിലയില്‍ തന്നെ കുടുംബങ്ങളുടെ കടം തുടരുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്.
ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യം 2022-23 സാമ്പത്തിക വര്‍ഷത്തെ ജി.ഡി.പിയുടെ 5.1 ശതമാനമായി കുറഞ്ഞതായി റിസര്‍വ് ബാങ്ക് 2023 സെപ്റ്റംബറില്‍ സൂചിപ്പിച്ചിരുന്നു. 47 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയാണിത്. ഇതുമായി നോക്കുമ്പോൾ വളരെ ഗുരുതരമായ അവസ്ഥയിലാണ് കുടുംബങ്ങളുടെ കടം. 

Similar News