വ്യാവസായിക ഉത്പാദനം: ജനുവരിയില്‍ 5.2% വളര്‍ച്ച
മാനുഫാക്ചറിംഗ്, വൈദ്യുതിമേഖലകളുടെ പ്രകടനം നേട്ടമായി
രാജ്യത്ത് സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കി ജനുവരിയില്‍ വ്യാവസായിക ഉത്പാദന സൂചിക (ഐ.ഐ.പി) 5.2 ശതമാനം വളര്‍ന്നു. ഡിസംബറില്‍ വളര്‍ച്ച 4.7 ശതമാനമായിരുന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം വ്യക്തമാക്കി. ഡിസംബറില്‍ 4.2 ശതമാനം വളര്‍ന്നുവെന്നാണ് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നത്. ജനുവരിയിലെ റിപ്പോര്‍ട്ടിനൊപ്പം ഡിസംബറിലെ വളര്‍ച്ചാനിരക്ക് 4.7 ശതമാനമായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. രണ്ട് ശതമാനമായിരുന്നു 2022 ജനുവരിയില്‍ വളര്‍ച്ച.
മുഖ്യവ്യവസായ മേഖലയുടെ വളര്‍ച്ച കരുത്ത്
ഐ.ഐ.പിയില്‍ 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യവ്യവസായ മേഖല (കോര്‍ സെക്ടര്‍) ഡിസംബറിലെ 7 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ 7.8 ശതമാനത്തിലേക്ക് വളര്‍ച്ച മെച്ചപ്പെടുത്തിയിരുന്നു. ഇത് ഐ.ഐ.പി വളര്‍ച്ച കൂടാന്‍ സഹായിച്ചു.
3.1 ശതമാനത്തില്‍ നിന്ന് 3.7 ശതമാനത്തിലേക്ക് വളര്‍ന്ന മാനുഫാക്ചറിംഗ് മേഖലയുടെയും 10.4 ശതമാനത്തില്‍ നിന്ന് 12.7 ശതമാനത്തിലേക്ക് വളര്‍ന്ന വൈദ്യുതോത്പാദന മേഖലയുടെയും പ്രകടനം ജനുവരിയില്‍ നേട്ടമായി. ഖനന വളര്‍ച്ച 10 ശതമാനത്തില്‍ നിന്ന് 8.8 ശതമാനമായി കുറഞ്ഞെങ്കിലും മൊത്തം ഐ.ഐ.പി വളര്‍ച്ചയ്ക്ക് പ്രതിസന്ധിയായില്ല.