ചൈനയെക്കാള്‍ വളരും, പക്ഷെ പ്രതീക്ഷിച്ച നേട്ടമുണ്ടാകില്ല; ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറച്ച് ഐഎംഎഫ്
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തല്‍
നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2022-23) ഇന്ത്യയുടെ ജിഡിപി (GDP) വളര്‍ച്ചാ അനുമാനം പുതുക്കി അന്താരാഷ്ട്ര നാണയ നിധി (IMF). രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം 6.8 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഐഎംഎഫിന്റെ പുതിയ പ്രവചനം. ഇക്കാലയളവില്‍ രാജ്യം 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ജൂലൈയില്‍ ഐഎംഎഫ് പറഞ്ഞിരുന്നത്.
ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ വളര്‍ച്ചാ നിരക്ക് 0.6 ശതമാനം കുറയ്ക്കുകയാണ് ഐഎംഎഫ് ചെയ്തത്. പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്ക്, യുക്രെയ്ന്‍-റഷ്യ യുദ്ധം തുടങ്ങിയവ മൂലം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് വിലയിരുത്തല്‍. 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യ 6.1 ശതമാനം വളര്‍ച്ച കൈവരിക്കും. 2022-23ല്‍ രാജ്യം 7 ശതമാനം വളര്‍ച്ച നേടുമെന്നാണ് 7 ശതമാനം വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അനുമാനം.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച വളര്‍ച്ച നേടുമെന്നും വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കില്‍ ഐഎംഎഫ് പറയുന്നു. ലോകം ഈ വര്‍ഷം 3.2 ശതമാനം വളര്‍ച്ച നേടും. അതേ സമയം 2023ല്‍ വളര്‍ച്ചാ നിരക്ക് 2.7 ശതമാനമായി കുറയും. യുഎസ് സമ്പദ് വ്യവസ്ഥ അടുത്ത വര്‍ഷം 1 ശതമാനം വളരും. ചൈനയുടെ വളര്‍ച്ചാ നിരക്ക് 4.4 ശതമാനം ആയിരിക്കും. യൂറോപ്പ് മേഖലയിലെ വളര്‍ച്ച 0.5 ശതമാനം മാത്രമായിരിക്കും. റഷ്യന്‍ സമ്പദ് വ്യവസ്ഥ അടുത്ത വര്‍ഷം 2.3 ശതമാനം ചുരുങ്ങുമെന്നും ഐഎംഎഫ് വ്യക്തമാക്കി.