2023-24ല്‍ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.1% ആയി ഉയര്‍ത്തി ഐ.എം.എഫ്

ആഗോള സമ്പദ്‌വ്യവസ്ഥ 2023 ല്‍ 3% വളരും

Update:2023-07-26 11:37 IST

അന്താരാഷ്ട്ര നാണയ നിധി (IMF) 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഏപ്രിലില്‍ കണക്കാക്കിയ 5.9 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി ഉയര്‍ത്തി. ശക്തമായ ആഭ്യന്തര നിക്ഷേപമായിരിക്കും ഈ വളര്‍ച്ചയുടെ പ്രധാനകാരണമെന്നും ഐ.എം.എഫ് വള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കില്‍ (WEO) പറയുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ പ്രവചനം 6.3% ആണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6.5% വളര്‍ച്ചാണ് റിസര്‍വ് ബാങ്ക് കണക്കാക്കിയിരിക്കുന്നത്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് അടുത്തിടെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.4% ആയി നിലനിര്‍ത്തി.

ആഗോള സമ്പദ്‌വ്യവസ്ഥ

കോവിഡ്, ഉക്രെയ്ന്‍-റഷ്യ യുദ്ധം തുടങ്ങിയവയില്‍ നിന്നും ആഗോള സമ്പദ്‌വ്യവസ്ഥ ക്രമേണ വീണ്ടെടുക്കല്‍ തുടരുകയാണെന്ന് ഐ.എം.എഫ് പറഞ്ഞു. വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് തിരിച്ചെത്തി. ആഗോള സമ്പദ്‌വ്യവസ്ഥ2023 ല്‍ 3% വളരും. 2022 ല്‍ ലോക സമ്പദ്‌വ്യവസ്ഥ 3.5% വളര്‍ന്നു. അതേസമയം സാമ്പത്തിക ഞെരുക്കം, ചൈനയിലെ മന്ദഗതിയിലുള്ള വീണ്ടെടുക്കല്‍, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവ മൂലം ആഗോള പ്രവര്‍ത്തനത്തിന് വേഗത നഷ്ടപ്പെടുന്നുണ്ടെന്ന് ഐ.എം.എഫ് പറയുന്നു.

പണപ്പെരുപ്പ ആശങ്കകള്‍

ആഗോള തലത്തിലുള്ള പണപ്പെരുപ്പം 2018ലെ 8.7% ല്‍ നിന്ന് 2023-ല്‍ 6.8% ആയി കുറയുമെന്ന് ഐ.എം.എഫ് പ്രവചിക്കുന്നുണ്ട്. അതേസമയം പ്രധാന പണപ്പെരുപ്പം 2018ലെ 6.5% ല്‍ നിന്ന് 6% ആയി കുറയും. അതേസമയം എല്‍ നിനോ പ്രതീക്ഷിച്ചതിലും കൂടുതല്‍ തീവ്രമായ താപനില വര്‍ധന വരുത്തുകയും വരള്‍ച്ചയെ കൂടുതല്‍ വഷളാക്കുകയും ചരക്ക് വില വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

പച്ചക്കറി വിലയിലുണ്ടായ മാറ്റം ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ റീറ്റെയ്ല്‍ പണപ്പെരുപ്പം മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കായ 4.81% ആയി ഉയര്‍ന്നു. വില സ്ഥിരത പുനഃസ്ഥാപിക്കുന്നതിലും സാമ്പത്തിക മേല്‍നോട്ടത്തിലും അപകടസാധ്യത കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഐ.എം.എഫ് കേന്ദ്ര ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Tags:    

Similar News