റഷ്യയ്ക്കുമേലുള്ള വിലക്ക് അവസരമാക്കി ഇന്ത്യ, റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ 50 മടങ്ങ് വര്‍ധന
ഏകദേശം 25 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണയാണ് മെയ് മാസത്തില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ലോകരാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചപ്പോള്‍ അവസരമാക്കി ഇന്ത്യ. യുഎസും യൂറോപ്യന്‍ രാജ്യങ്ങളുടെ റഷ്യക്ക് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഇവിടെനിന്നുമുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുത്തനെ ഉയര്‍ത്തി. ഏപ്രിലില്‍ ഇറക്കുമതി ചെയ്ത മൊത്തം എണ്ണയില്‍ 10 ശതമാനവും റഷ്യയില്‍നിന്നാണ്. നേരത്തെ, 2021 ലും 2022 ലെ ആദ്യപാദത്തിലും 0.2 ശതമാനം മാത്രമായിരുന്നു റഷ്യന്‍ എണ്ണയുടെ പങ്കാളിത്തം. ഇതാണ് 10 ശതമാനമായി കുത്തനെ ഉയര്‍ന്നത്. കൃത്യമായി പറഞ്ഞാല്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ രേഖപ്പെടുത്തിയത് 50 മടങ്ങ് വര്‍ധനവാണ്. മെയ് മാസത്തില്‍ മാത്രം ഏകദേശം 25 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
'' റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ഏപ്രില്‍ മുതല്‍ 50 മടങ്ങ് വര്‍ധിച്ചു, ഇപ്പോള്‍ വിദേശത്ത് നിന്ന് വാങ്ങുന്ന ക്രൂഡിന്റെ 10 ശതമാനവും ഇതാണ്'' ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ എണ്ണയുടെ 40 ശതമാനവും സ്വകാര്യ റിഫൈനര്‍മാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസും റോസ്നെഫ്റ്റ് പിന്തുണയുള്ള നയാര എനര്‍ജിയുമാണ് വാങ്ങിയത്.
സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യന്‍ ക്രൂഡ് വിലക്കുറവില്‍ ലഭിച്ചതാണ് ഇറക്കുമതി ഉയരാന്‍ കാരണം. കൂടാതെ, എണ്ണ ഇറക്കുമതിയില്‍ സൗദി അറേബ്യയെ പിന്തള്ളി റഷ്യ ഇറാഖിന് പിന്നില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരുമായി. യുഎസിനും ചൈനയ്ക്കും ശേഷം, ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ, അതില്‍ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.