വാര്‍ഷിക വളര്‍ച്ച മന്ദഗതിയിലാകാന്‍ സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍; ജിഡിപി ഇന്നറിയാം

സെപ്റ്റംബര്‍ പാദത്തില്‍ 6.2 ശതമാനം വാര്‍ഷിക വളര്‍ച്ചയാകാം കൈവരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Update: 2022-11-30 06:10 GMT

കോവിഡിന്റെ ആഘാതങ്ങള്‍ കുറയുന്ന സാഹചര്യത്തിലും ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വാര്‍ഷിക വളര്‍ച്ച മന്ദഗതിയിലാകാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അത്‌കൊണ്ട് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) സെപ്റ്റംബര്‍ പാദത്തില്‍ 6.2 ശതമാനം വാര്‍ഷിക വളര്‍ച്ചയാകാം കൈവരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ പാദത്തില്‍ ജിഡിപി 13.5 ശതമാനമായിരുന്നു.

അതേസമയം 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായ പുരോഗതി കൈവരിക്കുന്നുവെന്നതിന് നിരവധി സൂചകങ്ങളുള്ളതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ധ സൗമ്യ കാന്തി ഘോഷ് പറയുന്നു. എന്നിരുന്നാലും ഈ കാലയളവില്‍ വാര്‍ഷിക ജിഡിപി വളര്‍ച്ച 6 ശതമാനത്തേക്കാള്‍ അല്പം മന്ദഗതിയിലാകുമെന്ന് ഘോഷ് പറഞ്ഞു.

സെപ്തംബര്‍ പാദത്തില്‍ സര്‍ക്കാര്‍ മൂലധനച്ചെലവ് വര്‍ധിപ്പിച്ചു. മൂന്ന് മാസത്തിനിടെ 1.67 ട്രില്യണ്‍ രൂപ ചെലവഴിക്കുകയും ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 40 ശതമാനം കൂടുതലാണ്. അതേസമയം ഉപഭോഗം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആഗോള മാന്ദ്യവും ഉയര്‍ന്ന പലിശനിരക്കും മൂലം കയറ്റുമതി കുറയുന്നത് തുടര്‍ന്നുള്ള പാദങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.

ആര്‍ബിഐയുടെ ഒരു റിപ്പോര്‍ട്ടില്‍ ജിഡിപി 6.3 ശതമാനമായും ഗോള്‍ഡ്മാന്‍ സാച്ച്സ് വളര്‍ച്ച 6.3 ശതമാനമായും പ്രവചിച്ചിരുന്നു. സമ്പദ്വ്യവസ്ഥ 5.8 ശതമാനം വളര്‍ച്ച നേടുമെന്ന് എസ്ബിഐ പ്രതീക്ഷിക്കുമ്പോള്‍ ക്രിസില്‍ 6.5 ശതമാനം വളര്‍ച്ചയാണ് കണക്കാക്കിയത്. എന്നാല്‍ മൂഡീസ് 2022 ലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ പ്രവചനം 7.7 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി താഴ്ത്തി. അതേസമയം ഇന്ന് ഔദ്യോഗിക ജിഡിപി ഡാറ്റ പുറത്തുവിടും.

Tags:    

Similar News