ആഗോള വളര്‍ച്ചയുടെ പകുതിയും ഇന്ത്യയുടെയും ചൈനയുടെയും വക
ആഗോള സമ്പദ്‌വ്യവസ്ഥ 3 ശതമാനത്തില്‍ താഴെ മാത്രമേ വളര്‍ച്ച കൈവരിക്കുകയുള്ളു
2023 ലെ ആഗോള വളര്‍ച്ചയുടെ പകുതിയും ഇന്ത്യയുടെയും ചൈനയുടെയും വകയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോര്‍ജീവ. ഈ വര്‍ഷം ആഗോള സമ്പദ്‌വ്യവസ്ഥ 3 ശതമാനത്തില്‍ താഴെ മാത്രമേ വളര്‍ച്ച കൈവരിക്കുകയുള്ളു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വളര്‍ച്ച കുറച്ചു
ഉക്രെയ്നിലെ റഷ്യയുടെ സൈനിക അധിനിവേശത്തെയും പകര്‍ച്ചവ്യാധിയെയും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ലോക സമ്പദ്‌വ്യവസ്ഥയിലുണ്ടായ കുത്തനെയുള്ള മാന്ദ്യം ഈ വര്‍ഷവും തുടരുമെന്നും ക്രിസ്റ്റലീന ജോര്‍ജീവ മുന്നറിയിപ്പ് നല്‍കി. 2021 ലെ ശക്തമായ വീണ്ടെടുപ്പിന് ശേഷം ഈ യുദ്ധത്തിന്റെ കടുത്ത ആഘാതവും അതിന്റെ വ്യാപകമായ അനന്തരഫലങ്ങളും 2022 ലെ ആഗോള വളര്‍ച്ച ഏകദേശം 6.1 ല്‍ നിന്ന് 3.4 ശതമാനമായി കുറച്ചതായി ജോര്‍ജീവ പറഞ്ഞു.
ദാരിദ്ര്യം ഇനിയും വര്‍ധിച്ചേക്കാം
മന്ദഗതിയിലുള്ള വളര്‍ച്ച കടുത്ത പ്രഹരമാകുമെന്നും ഇത് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതി ഉണ്ടാക്കുമെന്നും ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. ദാരിദ്ര്യവും പട്ടിണിയും ഇനിയും വര്‍ദ്ധിച്ചേക്കാം. വികസിത സമ്പദ്‌വ്യവസ്ഥകളില്‍ 90 ശതമാനവും ഈ വര്‍ഷം അവരുടെ വളര്‍ച്ചാ നിരക്കില്‍ ഇടിവ് കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
സ്പ്രിംഗ് മീറ്റിംഗ്
ആഗോള സമ്പദ്‌വ്യവസ്ഥയുടെ പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നയരൂപകര്‍ത്താക്കള്‍ യോഗം ചേരുന്ന ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും അടുത്ത ആഴ്ചത്തെ സ്പ്രിംഗ് മീറ്റിംഗുകള്‍ക്ക് മുന്നോടിയായാണ് ഐഎംഎഫ് മേധാവിയുടെ അഭിപ്രായം.കുതിച്ചുയരുന്ന പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതിനായി ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഈ യോഗം നടക്കുന്നത്.