കഴിഞ്ഞവര്‍ഷം 75,000 കോടി ഡോളറിന്റെ കയറ്റുമതി
നടപ്പുവര്‍ഷം ആകെ വരുമാനം 76,000 കോടി ഡോളര്‍ കടന്നേക്കും, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,000 കോടി ഡോളര്‍ അധികം
ആഗോളതലത്തില്‍ സാമ്പത്തികരംഗത്ത് അനിശ്ചിതത്വം തുടരുമ്പോഴും കയറ്റുമതിയില്‍ പുത്തന്‍ ഉയരം കുറിച്ച് ഇന്ത്യ. നടപ്പുവര്‍ഷത്തെ (2022-23) കയറ്റുമതി വരുമാനം ഇതിനകം 75,000 കോടി ഡോളര്‍ കടന്നുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ചരക്കുകളും സേവനങ്ങളും ചേര്‍ന്നുള്ള കയറ്റുമതി വരുമാനമാണിത്. കഴിഞ്ഞവര്‍ഷം (2021-22) ചരക്കുനീക്കത്തിലൂടെ (ഗുഡ്‌സ്) 42,200 കോടി ഡോളറും സേവന (സര്‍വീസസ്) കയറ്റുമതിയിലൂടെ 25,400 കോടി ഡോളരും വരുമാനം ലഭിച്ചിരുന്നു; ആകെ 67,600 കോടി ഡോളര്‍. ഇത് റെക്കോഡായിരുന്നു. ഈ വര്‍ഷം ഇതിനകം തന്നെ ഈ റെക്കോഡ് പഴങ്കഥയായി. നടപ്പുവര്‍ഷം അവസാനിക്കുമ്പോഴേക്കും മൊത്തം കയറ്റുമതി വരുമാനം 76,000 കോടി ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ലക്ഷ്യം രണ്ട് ലക്ഷം കോടി ഡോളര്‍
ചരക്ക്, സേവന കയറ്റുമതിയിലൂടെ പ്രതിവര്‍ഷം ശരാശരി രണ്ടുലക്ഷം കോടി ഡോളര്‍ വരുമാനം നേടുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. ചരക്ക് കയറ്റുമതിയിലും സേവന കയറ്റുമതിയിലും ഓരോ ലക്ഷം കോടി ഡോളര്‍ വീതം നേടുകയാണ് ലക്ഷ്യം.
അടുത്ത മൂന്നോ-നാലോ വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകും. ഇതോടൊപ്പം കയറ്റുമതി ലക്ഷ്യം നേടാനും ഇന്ത്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.