ഇന്ത്യയെ വീണ്ടും പിന്തള്ളി ബംഗ്ലാദേശ്
പ്രതിശീര്‍ഷ വരുമാനം ഇന്ത്യയേക്കാള്‍ 280 ഡോളര്‍ കൂടുതലാണ് ബംഗ്ലാദേശില്‍
ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലൊന്നായാണ് ബംഗ്ലാദേശ് ഇപ്പോഴും പരിഗണിക്കപ്പെടുന്നതെങ്കിലും പല കാര്യങ്ങളിലും, ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയും അയല്‍ രാജ്യവുമായ ഇന്ത്യയെ കടത്തിവെട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക വളര്‍ച്ചയുടെയ കാര്യമായാലും മാനവ വികസന സൂചികയിലായാലും ബംഗ്ലാദേശ് ഇന്ത്യയേക്കാള്‍ മുന്നിലാണ്. ഇപ്പോഴിതാ പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തിലും ഇന്ത്യയെ കടത്തിവെട്ടിയിരിക്കുകയാണ് ഈ കൊച്ചു രാജ്യം. ബംഗ്ലാദേശ് പ്ലാനിംഗ് മിനിസ്റ്റര്‍ മുഹമ്മദ് അബ്ദുല്‍ മാന്നാന്‍ പാര്‍ലമെന്റില്‍ അവതരിച്ച കണക്ക് പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രതിശീര്‍ഷ വരുമാനം 2227 ഡോളറാണ്. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 2064 ഡോളറായിരുന്നു. ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനമായ 1947 ഡോളറേക്കാള്‍ 280 ഡോളര്‍ കൂടുതലാണ് ബംഗ്ലാദേശിന്റെ ഇപ്പോഴത്തെ പ്രതിശീര്‍ഷ വരുമാനം.