പുതിയ സപ്ലൈ ചെയിനായി ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ പരസ്പര സഹായ പദ്ധതി

Update: 2020-08-19 11:43 GMT

സപ്ലൈ ചെയിനു വേണ്ടി വ്യവസായങ്ങള്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ത്രിരാഷ്ട്ര സപ്ലൈ ചെയിന്‍ സംവിധാനത്തിനു രൂപം നല്‍കുന്നതിന് ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയും നീക്കമാരംഭിച്ചു.'സപ്ലൈ ചെയിന്‍ റെസീലിയന്‍സ് ഓര്‍ഗനൈസേഷന്‍' (എസ്സിആര്‍ഐ) ആരംഭിക്കുന്നതിനായുള്ള ജപ്പാന്റെ നിര്‍ദ്ദേശത്തിന്‍മേല്‍ ക്രിയാത്മക നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണു സൂചന.ഇതിനായി മൂന്ന് രാജ്യങ്ങളിലെ വാണിജ്യ വാണിജ്യ മന്ത്രിമാരുടെ ആദ്യ വീഡിയോ യോഗം അടുത്ത ആഴ്ച നടന്നേക്കും.

ജപ്പാന്‍ സാമ്പത്തിക, വാണിജ്യ, വ്യവസായ മന്ത്രാലയമാണ് അടുത്തിടെ ഇന്ത്യയെ സമീപിച്ച് ത്രിരാഷ്ട്ര സപ്ലൈ ചെയിന്‍ സംവിധാനത്തിനു മുന്‍കൈയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയത്. നവംബറോടെ എസ്സിആര്‍ഐ ആരംഭിക്കുന്നതിന് ടോക്കിയോ സജീവ താല്‍പ്പര്യമെടുക്കുന്നതായി ഡല്‍ഹിയിലെ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ, സെപ്റ്റംബറില്‍ നടക്കാന്‍ പോകുന്ന ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിയില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറില്‍ ഒപ്പിട്ടേക്കുമെന്ന സൂചനയും പുറത്തുവന്നു. ഇതിന് പുറമെ ചൈനയിലുള്ള ജാപ്പനീസ് കമ്പനികളുടെ ഫാക്ടറികള്‍ ഇന്ത്യയിലേക്ക് മാറ്റുന്ന കാര്യത്തിലും ഉച്ചകോടിയില്‍ തീരുമാനമുണ്ടാകും.

സൈനിക സഹകരണത്തിനപ്പുറം ചൈനയെ ലക്ഷ്യമിട്ടുള്ള വാണിജ്യ സഹകരണവും ഉച്ചകോടിയുടെ അജണ്ടയാണ്. ജാപ്പനീസ് കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി അവരെ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനുള്ള പ്രഖ്യാപനങ്ങളുണ്ടായേക്കും. മാത്രമല്ല ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ തുറമുഖ നിര്‍മാണം സംബന്ധിച്ചും തീരുമാനങ്ങളുണ്ടായേക്കും. ചൈനയുമായുള്ള തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സെ ആബെയ്ക്കെതിരെ മന്ത്രിസഭയ്ക്കുള്ളിലും പൊതുജനത്തിനും അതൃപ്തിയുണ്ട്. ചൈനയ്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആബെയ്ക്ക് മേല്‍ സമ്മര്‍ദ്ദവുമുണ്ട്. ഈ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുക എന്നതും ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്.അക്വിസിഷന്‍ ആന്‍ഡ് ക്രോസ് സെര്‍വിസിങ് എഗ്രിമെന്റ് ( അക്സ) എന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിടാന്‍ പോകുന്ന സൈനികതാവളങ്ങള്‍ പങ്കുവെക്കാനുള്ള കരാറിന്റെ പേര്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ഉച്ചകോടിയാകും നടക്കുക.2019 ഡിസംബറിലായിരുന്നു ആദ്യം ഈ ചര്‍ച്ച നടത്താന്‍ തീരുമാനമായിരുന്നത്. അസമിലെ ഗുവാഹത്തിയില്‍ വെച്ച് ഉച്ചകോടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഉച്ചകോടി മാറ്റിവെച്ചു. പിന്നീട് കോവിഡ് വ്യാപനം കൂടി വന്നതോടെ ഉച്ചകോടി സംബന്ധിച്ച തീരുമാനം നീണ്ടുപോവുകയായിരുന്നു. ഇന്ത്യയുമായും ജപ്പാനുമായും ചൈന തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ ഉച്ചകോടിക്ക് പ്രാധാന്യമേറെയുണ്ട്. ലഡാക്കില്‍ ഇന്ത്യയുമായും സെന്‍കാകു ദ്വീപിനെ ചൊല്ലി ജപ്പാനുമായും ചൈന തര്‍ക്കത്തിലാണ്. ജപ്പാനുമായി കരാര്‍ ഒപ്പിടുന്നതോടെ ക്വാഡ് സഖ്യത്തിലുള്ള എല്ലാ രാജ്യങ്ങളുമായുമുള്ള സൈനിക ബന്ധം ഇന്ത്യയ്ക്ക് ഊട്ടിയുറപ്പിക്കാനാകും. ക്വാഡ് സഖ്യത്തിലുള്ള അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി നിലവില്‍ സമാനമായ കരാര്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News