പാക്കേജ് ഫലപ്രദമല്ല; കടുത്ത സാമ്പത്തിക മാന്ദ്യത്തിനാണു സാധ്യതയെന്ന് ഐസിആര്‍എ

Update:2020-05-21 18:04 IST

ലോക്ഡൗണ്‍ തീവ്രമാകുകയും തൊഴില്‍ ക്ഷാമം രൂക്ഷമാവുകയും ചെയ്തിട്ടും ഫലപ്രദമായ സാമ്പത്തിക ഉത്തേജക നടപടികളുടെ അഭാവം പ്രകടമായിരിക്കുന്നതിനാല്‍ രാജ്യത്തുണ്ടാകാന്‍ പോകുന്നത് കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ.
2020-2021 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അഞ്ച് ശതമാനം ചുരുങ്ങുമെന്ന പ്രവചനവുമുണ്ട്്. 1-2 ശതമാനം ചുരുങ്ങുമെന്നാണ്‌നേരത്തെ ലോക്ഡൗണ്‍ വരും മുമ്പേ കണക്കാക്കിയിരുന്നത്.

രാജ്യവ്യാപക ലോക്്ഡൗണിന്റെ രണ്ട് ഘട്ടങ്ങള്‍ക്ക് ശേഷം, വളര്‍ച്ചയില്‍ ചെറിയ സങ്കോചമുണ്ടാകുമെന്ന് പല വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ലോക്ഡൗണ്‍ മെയ് അവസാനം വരെ നീട്ടുകയും ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചതിന് ശേഷം വിതരണ ശൃംഖലകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ ഗണ്യമായ കാലതാമസം പ്രതീക്ഷിക്കുകയും ചെയ്തതോടെ, ഒന്നാം പാദത്തിലെ വളര്‍ച്ചാ മുരടിപ്പ് കൂടുതല്‍ ആഴത്തിലാകും. കൂടാതെ,  വീണ്ടെടുക്കല്‍ കാലതാമസമേറിയതാവുമെന്നും ഐസിആര്‍എ വ്യക്തമാക്കി.

മുന്‍വര്‍ഷത്തെ 1-2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച നെഗറ്റീവ് അഞ്ച് ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിആര്‍എ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായരും സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആര്‍സൂ പഹ്വയും പ്രസ്താവനയില്‍ വ്യക്തമാക്കി.സാമ്പത്തിക ഉത്തേജക പാക്കേജ് ജിഡിപിയുടെ 10 ശതമാനം അല്ലെങ്കില്‍ 20.9 ലക്ഷം കോടി രൂപയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ജിഡിപിയുടെ വെറും 0.8-1.2 ശതമാനം മാത്രമാണെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.

ഇന്ത്യന്‍ സമ്പദ്ഘടന ചരിത്രത്തിലെ ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് നീങ്ങുന്നതായി ആഗോള ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പഠന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.രണ്ടാം പാദത്തില്‍ 45 ശതമാനം ഇടിവ് നേരിടുമെന്നാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.സാമ്പത്തിക ഉത്തേജക പാക്കേജ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പെട്ടെന്ന് പ്രതിഫലിക്കില്ലെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തുന്നു.

പാക്കേജ് മധ്യ കാലയളവിലേ ഗുണം ചെയ്യുകയുള്ളൂവെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നത്.നടപ്പു സാമ്പത്തിക വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനം അഞ്ച് ശതമാനം ഇടിയും. അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം മുതല്‍ സമ്പദ്ഘടന ശക്തമായ നിലയില്‍ തിരിച്ചുകയറുമെന്ന പ്രതീക്ഷയും ഗോള്‍ഡ്മാന്‍ സാക്‌സ് പങ്കുവയ്ക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News