നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ കോവിഡ് 19 കാലത്തിന് മുമ്പുള്ള വളര്‍ച്ചയിലേക്ക് തിരിച്ചുമെത്തുമെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. പ്രതീക്ഷിച്ചതിലും വേഗത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാധാരണനിലയിലേക്ക് മടങ്ങുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കോവിഡിന്റെ രണ്ടാംവരവിനുള്ള സാധ്യതയാണ് സമ്പദ് വ്യവസ്ഥയ്ക്ക് ഇപ്പോള്‍ ഭീഷണിയായി നിലനില്‍ക്കുന്നതെന്നും കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്.
ഖാരിഫ് വിളകളുടെ ലഭ്യതയിലെ ആരോഗ്യകരമായ വര്‍ധന, ഊര്‍ജ്ജ ഉപഭോഗം വര്‍ധിച്ചത്, റെയ്ല്‍ ചരക്ക് നീക്കത്തിലുണ്ടായ വര്‍ധന, വാഹന വില്‍പ്പന, വാഹന രജിസ്‌ട്രേഷന്‍ എന്നിവ കൂടിയത്, ഹൈവേ ടോണ്‍ കളക്ഷന്‍, ഇ വെ ബില്‍, ജിഎസ്ടി എന്നിവയിലെ വര്‍ധന എന്നിവയൊക്കെ ചൂണ്ടിക്കാട്ടിയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതിവേഗം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതായി കേന്ദ്രം വിലയിരുത്തുന്നത്. ധനമന്ത്രാലയത്തിന്റെ ഇന്നലെ പുറത്തുവിട്ട പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
കോവിഡ് മൂലം തകര്‍ന്നടിഞ്ഞ ഏവിയേഷന്‍ മേഖല ഒക്ടോബറില്‍ തിരിച്ചുവരവിന്റെ സൂചന കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തിന്റെ ജിഡിപി, പല ഏജന്‍സികളും ചൂണ്ടിക്കാട്ടിയതില്‍ നിന്ന് വ്യത്യസ്തമായി കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനാണ് സാധ്യതയെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സാധ്യതയില്‍ ആഗോള നിക്ഷേപകര്‍ ആത്മവിശ്വാസം പുലര്‍ത്തുന്നുണ്ടെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ രാജ്യത്തിലേക്ക് ഒഴുകി എത്തിയിരിക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം റെക്കോര്‍ഡ് തലത്തിലായത് അതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.